മസ്കത്ത്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ‘ആസാദി ക അമൃത് മഹോത്സവത്തിന്റെ’ ഭാഗമായി ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തി. ഐ.എന്‍.എസ് ചെന്നൈ, ഐ.എന്‍.എസ് ബെത്വ കപ്പലുകളാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനങ്ങളുടെ ഭാഗമായി ഒമാന്‍ തലസ്ഥാനമായ മസ്കത്തിലും എത്തുന്നത്.
ഓഗസ്റ്റ് 14 ഞായറാഴ്ച മുതൽ 17 വരെ കപ്പലുകള്‍ മസ്കത്തിലുണ്ടാകുമെന്ന് മസ്കത്ത് ഇന്ത്യൻ എംബസിയുടെ അറിയിപ്പിൽ പറയുന്നു. തിങ്കളാഴ്ച ഓഗസ്റ്റ് 15ന് കപ്പലിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടക്കും. ആറ് ഭൂഖണ്ഡങ്ങളില്‍ മൂന്ന് മഹാസമുദ്രങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന കപ്പലുകളില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് ഇന്ത്യന്‍ നാവിക സേന സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ആഘോഷങ്ങളാണ് മസ്കത്തിലെത്തിയ നാവിക സേനാ കപ്പലുകളിലും നടക്കുന്നത്.