മാനന്തവാടി: ബത്തേരി മന്തണ്ടിക്കുന്നിലെ വീട്ടിൽനിന്ന് 90 പവൻ സ്വർണവും 40,000 രൂപയും മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് മൂണ്ടിക്കൽ തഴെതൊട്ടയിൽ വീട്ടിൽ ബുള്ളറ്റ് സാലു, ബാബു എന്നിങ്ങനെ വിളിപ്പേരുള്ള മുഹമ്മദ് സാലു (41) ആണ് പിടിയിലായത്.
ആഗസ്റ്റ് രണ്ടിന് വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. കോഴിക്കോട് സ്വദേശിയായ പ്രതി തമിഴ്നാട്ടിലാണ് താമസം. മോഷണശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ പ്രതി മോഷണ മുതലുകൾ അവിടെ വിറ്റതായാണ് വിവരം. പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ശനിയാഴ്ചയാണ് പ്രതി വലയിലാകുന്നത്.
ഉത്സവ പറമ്പുകളിലും മറ്റും കച്ചവടക്കാരനായി നടക്കുന്ന സാലു ഒറ്റപ്പെട്ട വീടുകളും മറ്റും നോക്കിവെച്ച് മോഷണം നടത്തുകയാണ് പതിവ്. ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലും മറ്റും മോഷണകേസുകളുണ്ട്. ജില്ല പൊലീസ് മേധാവിക്ക് കീഴിലുള്ള സ്ക്വാഡും ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുൽ ശരീഫ്, സി.ഐ ഇ.കെ ബെന്നി, എസ്.ഐ റോയി, പടിഞ്ഞാറത്തറ എസ്.ഐ ഇ.കെ അബൂബക്കർ തുടങ്ങിയവരടങ്ങിയ സംഘവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.