ഭുവനേശ്വർ: നവ ദമ്പതികൾക്ക് കൗതുകമുണർത്തുന്ന വിവാഹസമ്മാനങ്ങളുമായി ഒഡിഷ സർക്കാർ. ഗർഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റാണ് നവദമ്പതികൾക്ക് സർക്കാർ നൽകുന്നത്. കേന്ദ്ര സർക്കാർ പദ്ധതിയായ ‘മിഷൻ പരിവാർ വികാസി’ൽ ഉൾപ്പെടുത്തിയാണ് വിവാഹസമ്മാനം നൽകുന്നത്.
‘നയി പാഹൽ’, ‘നബദമ്പതി’ എന്ന പേരിലുള്ള കിറ്റുകൾ ആശാവർക്കർമാർ വഴിയാണ് വിതരണം ചെയ്യുന്നത്. കുടുംബാസൂത്രണമടക്കമുള്ള വിഷയങ്ങൾ വിവരിക്കുന്ന കുറിപ്പുകളും ബ്രോഷറുകളും ഇതോടൊപ്പം നൽകുന്നുണ്ട്. സുരക്ഷിതമായ ലൈംഗികവേഴ്ച, ഗർഭധാരണം, പ്രസവം തുടങ്ങിയ വിഷയങ്ങളിലുടെ വിദഗ്‌ധോപദേശങ്ങളും ഇതിലുണ്ടാകും.
ഇതോടൊപ്പം രണ്ട് തോർത്തുമുണ്ട്, ഒരു നഖംവെട്ടി, കണ്ണാടി, ചീപ്പ്, തൂവാലകൾ എന്നിവയും കിറ്റിലുണ്ട്. കൂട്ടത്തിലാണ് ഗർഭനിരോധന ഉറയും ഗുളികയും വിവാഹ രജിസ്‌ട്രേഷൻ ഫോമുമുള്ളത്. സംസ്ഥാനത്ത് കുടുംബാസൂത്രണം കൂടുതൽ വിപുലീകരിക്കുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഡയരക്ടർ ബിജയ് പനിഗ്രഹി പറയുന്നത്. കുടുംബാസൂത്രണത്തെക്കുറിച്ച് നവദമ്പതികൾക്കായി ബോധവൽക്കരണ പരിപാടികളും നടത്തും. ഗ്രാമീണ, നഗരമേഖലകളിലെല്ലാം നടക്കുന്ന കുടുംബാസൂത്രണ പദ്ധതി അടുത്ത മാസം ആരംഭിക്കും.