മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടിയും സംഘവും. മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. തിരക്കഥാകൃത്ത് ഉദയകൃഷ്ണ അടക്കമുള്ളവര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണ് ഇത്.
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ ‘പ്രമാണി’യാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാകും. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍.
എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പിന്നീട് പൂയംകുട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. വണ്ടിപ്പെരിയാറും ചിത്രത്തിന്റെ ലൊക്കേഷന്‍ ആണ്. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ‘ആറാട്ടി’നു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വില്ലനായെത്തുന്നത് പ്രമുഖ തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ‘ഓപ്പറേഷൻ ജാവ’യുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീൺവർമ്മ, ചമയം ജിതേഷ് പൊയ്യ, നിർമ്മാണ നിർവ്വഹണം അരോമ മോഹൻ, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ നിർമ്മാണം ആർ ഡി ഇല്യൂമിനേഷന്‍സ് ആണ്.