ചെന്നൈ: അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കവർച്ച കേസിൽ ഒരു പ്രതി കൂടി പിടിയിലായി. മുഖ്യപ്രതി മുരുകന്‍റെ കൂട്ടാളി സൂര്യയാണ് ചെന്നൈയിൽ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം അഞ്ചായി. പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയവരും സ്വർണം വിൽപന നടത്താൻ സഹായിച്ചവരുമായി നാല് പേർ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കവർച്ചയുടെ വിശദാംശങ്ങൾ മുഖ്യപ്രതി മുരുകൻ പൊലീസിനോട് വിശദീകരിച്ചു.
പതിനഞ്ച് മിനിറ്റുകൊണ്ടാണ് കവർച്ച നടത്തിയത്. മുഖ്യ ബാങ്കിലേക്ക് അപായ സന്ദേശം എത്താതിരിക്കാൻ ബാങ്കിലെ നെറ്റ് വർക്ക് കേബിളുകൾ മുറിച്ചതിന് ശേഷമായിരുന്നു കവർച്ച. ബാങ്കിലുണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ ആദ്യമേ കൈക്കലാക്കി. ഇവരെ കെട്ടിയിട്ടതിന് ശേഷം ശുചിമുറിയിൽ പൂട്ടിയിട്ടു. പിന്നീട് ലോക്കറിന്‍റെ താക്കോൽ എടുത്ത് കവർച്ച നടത്തുകയായിരുന്നുവെന്നും മുരുകൻ പൊലീസിനോട് പറഞ്ഞു. ബാലാജി, ശക്തിവേൽ, സന്തോഷ് എന്നിവരാണ് മുരുകനെ കൂടാതെ നേരത്തേ പിടിയിലായ പ്രതികൾ.
ദിവസങ്ങള്‍ക്ക് മുമ്പാമ് ചെന്നൈ നഗരഹൃദയത്തിൽ അണ്ണാ നഗറിനടുത്ത് അമ്പാക്കത്ത് വന്‍ പകൽക്കൊള്ള നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടക്കുകയായിരുന്നു. കവർച്ചാ സംഘത്തിൽ ഒരാൾ ബാങ്കിലെ കരാർ ജീവനക്കാരനായ മുരുകനാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.