ദില്ലി: ഡീസൽ കയറ്റുമതിയുടെ വിൻഡ്‌ഫാൾ ലാഭനികുതി ഉയർത്തി കേന്ദ്ര സർക്കാർ. കൂടാതെ ജെറ്റ് ഇന്ധന കയറ്റുമതിയുടെ നികുതി വീണ്ടും കൊണ്ടുവരികയും ചെയ്തു. അതേസമയം, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി വെട്ടിക്കുറച്ചതായി ധനമന്ത്രാലയം അറിയിച്ചു. രണ്ടാഴ്ചയിലൊരിക്കലുള്ള അവലോകനത്തെ തുടർന്നാണ് സർക്കാർ ഡീസൽ കയറ്റുമതിയുടെ വിൻഡ്‌ഫാൾ ലാഭനികുതി ലിറ്ററിന് 5 രൂപയിൽ നിന്ന് 7 രൂപയായി ഉയർത്തിയത്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ കയറ്റുമതിക്ക് നികുതി തിരികെ കൊണ്ടുവന്നു, രണ്ട് രൂപയാണ് ജെറ്റ് ഇന്ധന കയറ്റുമതി നികുതി. ഓഗസ്റ്റിൽ, വിമാന ഇന്ധന കയറ്റുമതിയുടെ വിൻഡ് ഫാൾ ലാഭ നികുതി സർക്കാർ റദ്ദാക്കിയിരുന്നു.
ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 17,750 രൂപയിൽ നിന്ന് 13,000 രൂപയായി ആണ് സർക്കാർ കുറച്ചത്. അന്താരാഷ്ട്ര എണ്ണ വില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനാൽ ആണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എണ്ണയുടെ നിരക്ക് കുറച്ചത്.
ഊർജ സ്ഥാപനങ്ങളുടെ അമിത ലാഭത്തിനു മുകളിൽ മറ്റു രാജ്യങ്ങൾ വിൻഡ്‌ഫാൾ ലാഭനികുതി ചുമത്തിയതോടെയാണ് കേന്ദ്രവും നികുതി ചുമത്തിയത്. ജൂലൈ 1 നാണ് ആദ്യമായി വിൻഡ്‌ഫാൾ ലാഭനികുതി ഏർപ്പെടുത്തിയത്. ജൂലൈ ഒന്നിന്, പെട്രോളിനും എടിഎഫിനും ലിറ്ററിന് 6 രൂപ കയറ്റുമതി തീരുവയും ഡീസൽ കയറ്റുമതിയിൽ ലിറ്ററിന് 13 രൂപയും നികുതി ചുമത്തി. ആഭ്യന്തര ക്രൂഡ് ഉൽപ്പാദനത്തിന് ടണ്ണിന് 23,250 രൂപ ലാഭ നികുതിയും ചുമത്തി.
പുതിയ വിൻഡ്‌ഫാൾ ലാഭനികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്‍ഞാപനത്തിൽ പറയുന്നു.