തൊടുപുഴ: ക്രിസ്മസ്-പുതുവത്സര അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇടുക്കി അണക്കെട്ടും വാഗമണ്ണുമടക്കം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി പ്രതിസന്ധിയിലായ തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലക്ക് സഞ്ചാരികളുടെ വരവ് ഉണർവേകിയിട്ടുണ്ട്. മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരും മൂന്നാർ, വാഗമൺ, കുമളി എന്നിവിടങ്ങളിലടക്കം എത്തുന്നുണ്ട്. രണ്ടുവർഷത്തിനിടെ ഏറ്റവും കൂടുതൽ സഞ്ചാരികൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ്.
രണ്ടു ദിവസത്തിനിടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) കീഴിലുള്ള കേന്ദ്രങ്ങളിൽ മാത്രം സന്ദർശനം നടത്തിയവർ 50,000ത്തിന് മുകളിലാണ്. ഇതുകൂടാതെ ഇടുക്കി അണക്കെട്ടിൽ ശനി, ഞായർ ദിവസങ്ങളിൽ 7868 പേരുമെത്തി. ചെറുതും വലുതുമായ മറ്റ് കേന്ദ്രങ്ങളിലെത്തിയവരെക്കൂടി ഉൾപ്പെടുത്തി അന്തിമ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ സഞ്ചാരികളുടെ എണ്ണം ഇനിയും കൂടുമെന്ന് ഡി.ടി.പി.സി അധികൃതർ പറഞ്ഞു. മൂന്നാറും പരിസര പ്രദേശങ്ങളായ രാജമലയും മാട്ടുപ്പെട്ടിയും വാഗമൺ, തേക്കടി, ഇടുക്കി-ചെറുതോണി അണക്കെട്ടുകൾ എന്നിവിടങ്ങളിലുമാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്.
വാളറ-ചീയപ്പാറ-തൂവൽ വെള്ളച്ചാട്ടങ്ങൾ, പാഞ്ചാലിമേട്, പരുന്തുംപാറ, തൊമ്മൻകുത്ത്, രാമക്കൽമേട്, കല്യാണത്തണ്ട് മലനിരകൾ, കാൽവരിമൗണ്ട്, ശ്രീനാരായണപുരം, മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട, മീശപ്പുലിമല, ഇടുക്കി ഹിൽവ്യൂ പാർക്ക് എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പുതുവത്സരത്തോടനുബന്ധിച്ച് പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം മുറികളുടെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിലും സഞ്ചാരികളുടെ തിരക്ക് കൂടുമെന്നാണ് കണക്കുകൂട്ടൽ.