ആഡിസ് അബാബ∙ വിമാനം പറത്തുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയതിനാൽ വിമാനത്താവളത്തിൽ ഇറങ്ങാനായില്ല. സുഡാനിലെ ഖാർത്തുമിൽനിന്ന് ഇത്യോപ്യയിലെ ആഡിസ് അബാബയിലേക്ക് പറക്കുകയായിരുന്നു വിമാനം. തിങ്കളാഴ്ചയാണ് സംഭവമെന്ന് ഏവിയേഷൻ ഹെറൾഡ് റിപ്പോർട്ട് ചെയ്തു.
വിമാനത്താവളത്തിന് അടുത്ത് എത്തുകയും എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) സന്ദേശം ലഭിക്കുകയും ചെയ്തിട്ടും ലാൻഡിങ്ങിനായി വിമാനം താഴ്ന്നില്ല. പൈലറ്റുമാർ ഉറങ്ങിയപ്പോൾ ബോയിങ് 737ന്റെ ഓട്ടോ പൈലറ്റ് സംവിധാനമാണ് വിമാനത്തെ നിയന്ത്രിച്ചത്. 37,000 അടി മുകളിലായിരുന്നു വിമാനം അപ്പോൾ. എടിസി പലതവണ പൈലറ്റുമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ലാൻഡ് ചെയ്യേണ്ട ഭാഗത്ത് റൺവേയ്ക്കു മുകളിലൂടെ വിമാനം പറന്നപ്പോൾ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടു. പിന്നാലെ മുന്നറിയിപ്പ് അലാം അടിച്ചു. ഇതുകേട്ടപ്പോഴാണ് പൈലറ്റുമാർ ഉണർന്നതെന്നാണ് റിപ്പോർട്ട്. പിന്നീട് 25 മിനിറ്റുകൾക്കുശേഷം വിമാനം തിരിച്ചു റൺവേയിൽ സുരക്ഷിതമായി ഇറക്കി. ആർക്കും പരുക്കില്ല.
നിലത്തിറക്കിയശേഷം രണ്ടര മണിക്കൂറിനുശേഷമാണ് വീണ്ടും പറക്കാൻ അനുവദിച്ചത്. മേയിൽ ന്യൂയോർക്കിൽനിന്ന് റോമിലേക്കുള്ള യാത്രയ്ക്കിടെ രണ്ടു പൈലറ്റുമാരും ഉറങ്ങിപ്പോയ സംഭവവും ഉണ്ടായിരുന്നു. 38,000 അടിക്കു മുകളിലായിരുന്നു അന്നു വിമാനം പറന്നിരുന്നത്.