ന്യൂഡൽഹി: സിബിഐ റെയ്ഡ് നടക്കുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ വസതിയിൽനിന്ന് പെൻസിലും ജ്യോമെട്രി ബോക്സും അല്ലാതെ മറ്റൊന്നും കണ്ടെത്തില്ലെന്ന് ആം ആദ്മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദ. നേരത്തേയുള്ള റെയ്ഡുകളിൽ സിബിഐ ഒന്നും കണ്ടെത്തിയില്ലെന്നും ഇന്നും ഒന്നും കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘അവർ അരവിന്ദ് കേജ്‌രിവാളിന്റെ ഓഫിസിൽ റെയ്ഡ് നടത്തി. നാല് മഫ്‌ളറുകൾ കണ്ടെത്തി. മനീഷ് സിസോദിയയുടെ വീട്ടിൽ കണ്ടെത്തുന്നത് പെൻസിലുകളും നോട്ട്ബുക്കുകളും ജ്യോമെട്രി ബോക്സുമാണ്. നൂറിലധികം എഎപി നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തി. എല്ലാ കേസുകളിലും ഓരോരുത്തരായി മോചിതരായി. ഇപ്പോൾ അവർ സിസോദിയയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ്’’– അദ്ദേഹം പറഞ്ഞു.
2015ൽ കേജ്‌രിവാളിന്റെ ഓഫിസ് സിബിഐ റെയ്ഡ് ചെയ്തിരുന്നു. കേജ്‌രിവാളിന്റെ ദേശീയ പ്രതിഛായ ഉയരുന്നതിലുള്ള പരിഭ്രാന്തി മൂലമാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എഎപിക്ക് പിന്നാലെ അന്വേഷണ ഏജൻസികളെ വിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തേ, സിസോദിയയെ ‘വിദ്യാഭ്യാസ വിപ്ലവത്തിന്റെ നായകൻ’ എന്ന് വിശേഷിപ്പിച്ച രാഘവ് ഛദ്ദ, റെയ്ഡ് നടത്തുന്നത് ബിജെപിയുടെ നിർദേശപ്രകാരമാണെന്ന് ആരോപിച്ചിരുന്നു. യുഎസിലെ പ്രമുഖ പത്രമായ ‘ദ് ന്യൂയോർക് ടൈംസിൽ’ മനീഷ് സിസോദിയയുടെ പ്രവർത്തനത്തെ പ്രശംസിച്ചുള്ള വാർത്ത വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയതെന്ന് കേജ്‌രിവാൾ ആരോപിച്ചു.
2021-22ലെ ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ടാണ് സിസോദിയയുടെ വസതിയിൽ റെയ്ഡ്. എക്‌സൈസ് നയം നടപ്പാക്കിയതിലെ ക്രമക്കേടുകൾ സംബന്ധിച്ച് കഴിഞ്ഞ മാസം ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. സംഭവത്തിൽ 11 എക്സൈസ് ഉദ്യോഗസ്ഥരെ അദ്ദേഹം സസ്പെൻഡ് ചെയ്തു.