തിരുവനന്തപുരം: ലൈംഗീക പീഡന കേസിലെ പ്രതി സിവിക് ചന്ദ്രൻ്റെ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടുള്ള വിധിയിൽ കോടതി നടത്തിയ പരാമർശം നടുക്കമുണ്ടാക്കുന്നതാണെന്ന് പുരോഗമന കലാസാഹിത്യ സംഘം. സ്‌ത്രീകളുടെ വസ്‌ത്രധാരണമാണ് പുരുഷന്മാരെ ലൈംഗിക ആക്രമണത്തിന് പ്രേരിപ്പിക്കുന്നത് എന്ന് രാജ്യത്തെ ഫ്യൂഡൽ യാഥാസ്ഥിതിക പക്ഷം നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്ന സംഗതിയാണ്.
സ്‌ത്രീ സ്വാതന്ത്ര്യത്തേയും അവളുടെ മുന്നോട്ടുള്ള യാത്രയേയും തടഞ്ഞുവെക്കുന്ന ഈ വാദം ഉയർത്തിപ്പിടിച്ച് രക്ഷപ്പെടാനാണ് കപട വിപ്ലവ നാട്യക്കാരനായ സിവിക് ചന്ദ്രനും സഹായികളും ശ്രമിക്കുന്നത്. നീതിപീഠം ഇതിന് കൂട്ടുനിൽക്കുന്നത് അത്യന്തം പ്രതിഷേധകരമാണ്. ഇത് നമ്മുടെ ഭരണഘടനക്കും നീതിന്യായവ്യവസ്ഥക്കു തന്നെയും അപമാനകരമാണ്.
സിവിക് ചന്ദ്രന്റെ പേരിലുള്ള ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ പൊതുവെ മനുഷ്യത്വരഹിതമായ സമീപനങ്ങളാണ് കോടതിയിൽ നിന്നുണ്ടാവുന്നത്. വാദിയെ പ്രതിയാക്കാനും ഇരയെ അപമാനിക്കാനും ആക്രമിയെ വിശുദ്ധനാക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. അപമാനിക്കപ്പെട്ട ദളിത് സ്‌ത്രീക്കും ഇവിടെ ആനുകൂല്യമില്ല. സ്‌ത്രീകളെ മുഖ്യധാരയിൽ നിന്നു തന്നെ അകറ്റാനുള്ള യാഥാസ്ഥിതിക നീക്കത്തിന് കോടതികൾ കൂട്ടുനിൽക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇത് മനുഷ്യ പുരോഗതിയെ തന്നെ പിറകോട്ടു വലിക്കും. വേട്ടക്കാർക്കൊപ്പമാണോ നീതിപീഠം? എന്ന ചോദ്യമാണു സമൂഹ മനസ്സിൽ നിന്ന് ഉയരുന്നത്.ഇരയാക്കപ്പെടുന്ന പെൺകുട്ടികൾക്ക് അഭയം നൽകേണ്ട നീതിപീഠം ഇത്തരം ജീർണ്ണചിന്തകൾ സമൂഹത്തിന് കൈമാറുന്നതിനെതിരെ, ജനാധിപത്യവാദികൾ പ്രതിഷേധമുയർത്തണമെന്ന് പ്രസിഡന്റ് ഷാജി എൻ കരുൺ, ജന. സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.