മലപ്പുറം: ഗുണ്ടാ ആക്ട് കപ്പ പ്രകാരം വൈഡ് മുജീബെന്ന മുജീബ് റഹ്മാനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവായി. പരപ്പനങ്ങാടി ചാപ്പപ്പടി യിലെ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്‌മാൻ (43) എന്നയാൾക്കെതിരെ തൃശൂർ റേഞ്ച് ഡി ഐ ജി യുടെ മലപ്പുറം റവന്യു ജില്ലയിൽ സഞ്ചലന നിയന്ത്രണ ഉത്തരവ് നിലവിൽ വന്നു.
പരപ്പനങ്ങാടി എസ്എച്ച്ഒയുടെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസഥാനത്തിലാണ് ഉത്തരവ്. നിയമ വ്യവസ്ഥയ്ക്കും സമൂഹത്തിനും പൊതുജനങ്ങൾക്കും എതിരെ നിലകൊള്ളുന്നതും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതും വീണ്ടും ഏർപ്പെടാൻ സാധ്യതയുള്ളതുമായ വ്യക്തികൾക്കെതിരെയാണ് കപ്പ നിയമപ്രകാരം ഒരു വർഷക്കാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവ് ഉണ്ടാകുന്നത്.
പരപ്പനങ്ങാടി സ്റ്റേഷനിൽ മുജീബ് റഹ്‌മാനെതിരെ നിലവിൽ 11 കേസുകൾ ഉണ്ട്. അതിൽ അവസാന 7 കേസുകളിലാണ് കപ്പ പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്. പരപ്പനങ്ങാടി സ്വദേശിയായ റസാഖ് എന്നയാളെ 2016ൽ ആനങ്ങാടി എഎംഎൽപി സ്‌കൂളിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ചത്, 2021 മാർച്ച് മാസത്തിൽ പരപ്പനങ്ങാടി ചാപ്പപ്പടിയിൽ വച്ച് അസൈനാർ എന്നയാളെ ദേഹോപദ്രവം ഏൽപിച്ചത്, 2021 മാർച്ച് മാസത്തിൽ പരപ്പനങ്ങാടി ചാപ്പപ്പടിയിൽ വച്ച് സക്കറിയ എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ചത്, 2021 മെയ് മാസത്തിൽ സെമീർ എന്നയാളെ ചാപ്പപ്പടിയിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ചത് , 2021 മെയ് മാസത്തിൽ ഷംസു എന്നയാളെ ചാപ്പപ്പടിയിൽ വച്ച് ദേഹോപദ്രവം ഏൽപിച്ചത് എന്നീ കേസുകളിലേക്കാണ് മുജീബിനെതിരെ ഗൂണ്ടാ ആക്ട് പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്. മുജീബ് റഹ്‌മാൻ നിലവിൽ പരപ്പനങ്ങാടി സ്റ്റേഷൻ റൗഡിയും 107 സിആർപിസി പ്രകാരം ജാമ്യത്തിൽ കഴിയുന്നയാളുമാണ്. ഗുണ്ടാ ആക്ട് പ്രകാരം ജില്ലയിൽ പ്രവേശന വിലക്കുള്ള ഈ കാലയളവിൽ മുജീബ് പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കുന്നതാണ്.