പയ്യോളി : കാര്യങ്ങള്‍ പ്രതി പറഞ്ഞെങ്കിലും ഇതുമായി ബന്ധിപ്പിക്കുന്ന സാഹചര്യത്തെളിവുകള്‍ കൂടി ലഭിച്ചാലേ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതൊക്കെ ഒറ്റയ്ക്കാണ് ചെയ്തതെന്ന് വിശദമായി ചോദ്യം ചെയ്യലിനുശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തൃക്കാക്കര അസി. കമ്മിഷണര്‍ പി.വി. ബേബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്ന വിലയിരുത്തല്‍ ശരിവെയ്ക്കുന്നതാണ് വിവരങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തു
യുവാവിനെ കുത്തിക്കൊന്ന് ഫ്‌ലാറ്റില്‍ മൃതദേഹം ഒളിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങി. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടി കെ.കെ. അര്‍ഷാദിനെ (27) യാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
തൃക്കാക്കര അസി. കമ്മിഷണര്‍ പി.ബി. ബേബി, ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലങ്ങളില്‍ അര്‍ഷാദിനെ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. ശനിയാഴ്ച വൈകീട്ട് 5.45-നാണ് സംഭവം നടന്ന ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്‌ലാറ്റില്‍ പ്രതിയെ എത്തിച്ചത്. 16-ാം നിലയിലെ ഫ്‌ലാറ്റിലും രക്ഷപ്പെട്ട വഴികളിലും ഉള്‍പ്പെടെ തെളിവെടുത്തു.
മുറിയില്‍നിന്ന് കൊലയ്ക്കുപയോഗിച്ച കത്തി, തറയിലെ രക്തം കഴുകാന്‍ ഉപയോഗിച്ച ചൂല്‍, മൃതദേഹം പൊതിഞ്ഞ തുണി തുടങ്ങിയവ കണ്ടെത്തി. മരിച്ച സജീവിനൊപ്പം ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ഷിബില്‍, അംജദ് എന്നിവരെയും തെളിവെടുപ്പ് സമയത്ത് വിളിച്ചുവരുത്തിയിരുന്നു. സജീവിന്റെയും അര്‍ഷദിന്റെയും സര്‍ട്ടിഫിക്കറ്റുകളും മറ്റ് സാധനങ്ങളും തിരിച്ചറിയുന്നതിനായിരുന്നു ഇത്. രണ്ട് മണിക്കൂറോളമെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. അര്‍ഷാദ് പോലീസുമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച പ്രതി രക്ഷപ്പെട്ട വഴികളിലൂടെയും സഞ്ചരിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു