കാമുകി കാമുകൻമാരൊക്കെ ആകുമ്പോൾ വഴക്ക് സർവ സാധാരണമാണ്. പക്ഷേ, ദേഷ്യം വന്നെന്നു കരുതി കാമുകിയുടെ ബാഗിൽ മൂത്രമൊഴിച്ചാൽ എന്തായിരിക്കും അവസ്ഥ? എന്തായാലും എനിക്കൊന്നും അറിയില്ല സാറേ ഞാൻ ഒന്ന് മൂത്രം ഒഴിച്ചതേ ഓർമ്മയുള്ളൂ എന്ന അവസ്ഥയിലാണ് നമ്മുടെ കാമുകൻ ഇപ്പോൾ. കാരണം ഒരൊറ്റ മൂത്രം ഒഴിക്കലിൽ പുള്ളിയ്ക്ക് പോയി കിട്ടിയത് രൂപ 90,000 ആണ്. ദക്ഷിണ കൊറിയയിലാണ് കാമുകിയുടെ വിലകൂടിയ ബാഗിൽ മൂത്രമൊഴിച്ച കാമുകനോട് നഷ്‍ടപരിഹാരമായി 90,000 രൂപ നൽകാൻ കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. ആ സമയം ഇരുവരും ഗംഗനം-ഗുവിലെ കാമുകിയുടെ വീട്ടിലായിരുന്നു. കാമുകിയുടെ അമിത ചെലവിനെക്കുറിച്ചും ആഡംബര ജീവിതത്തിനെക്കുറിച്ചും പറഞ്ഞായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ധൂർത്ത് കാരണം അവൾ സ്വയം കടക്കെണിയിലാകുമെന്നായിരുന്നു കാമുകന്റെ ഉപദേശം. എന്നാൽ തന്റെ സ്വന്തം കാശ് ചിലവഴിക്കാൻ ആരുടെയും അനുവാദം വേണ്ട എന്നായിരുന്നു കാമുകിയുടെ മറുപടി. ഇത് ചില്ലറയൊന്നുമല്ല കാമുകനെ ചൊടിപ്പിച്ചത്. അയാൾ നേരെ കിടപ്പു മുറിയിലേക്ക് പോയി. കാമുകിയുടെ ഹാൻഡ് ബാഗ് ശേഖരത്തിൽ നിന്നും ഏറ്റവും വിലകൂടിയ ഒന്നു തന്നെ അയാൾ തെരഞ്ഞെടുത്തു. ലൂയിസ് വിറ്റൺ ഡിസൈനർ ബാഗായിരുന്നു അത്. ബാഗുമായി അയാൾ നേരെ കാമുകിയ്ക്ക് മുൻപിൽ എത്തി. ഇതെന്തിനാണ് ഇയാൾ ബാഗുമായി വന്നിരിക്കുന്നതെന്ന് കാമുകിയും അത്ഭുതപ്പെട്ടു. പെട്ടെന്ന് ബാഗ് തുറന്ന് വെച്ച് അയാൾ അതിലേക്ക് മൂത്രം ഒഴിച്ചു. പിന്നെ പറയണോ കഥ.
ദേഷ്യം കൊണ്ട് ജ്വലിച്ച കാമുകി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. കാമുകന്റെ തോന്ന്യവാസത്തിനെതിരെ അവൾ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു. കളി കാര്യമായെന്ന് നമ്മുടെ കാമുകന് അപ്പോഴാണ് മനസ്സിലായത്. അതോടെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായി കാമുകൻ. അയാൾ മൂത്രമൊഴിച്ച് ബാഗ് കഴുകി ഉണക്കി വൃത്തിയാക്കി എന്നു മാത്രമല്ല നല്ല വിലകൂടിയ സ്പ്രേയും അടിച്ചു.
പക്ഷെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിന്റെ സഹായത്തോടെ ബാഗിന്റെ ഉള്ളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചു. മൂത്രത്തിന്റെ അംശം ഒഴിവാക്കാൻ യുവാവ് ബാഗിനുള്ളിൽ സ്‌പ്രേ ഒക്കെ അടിച്ചിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. സാമ്പിളുകൾ പോസിറ്റീവ് ആകുകയും അയാളുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുകയും ചെയ്തു. തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ യുവാവ് കുറ്റം സമ്മതിച്ചു. അതോടെ സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതി ഇയാളോട് 1.5 മില്യൺ വോൺ (90,000 രൂപ) തന്റെ മുൻ കാമുകിക്ക് നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. ഏതായാലും ലോകത്തിലാരും ഇത്രയും വിലകൊടുത്ത് മൂത്രം ഒഴിച്ചിട്ടുണ്ടാകില്ല. തീർച്ച.