തൃശൂർ: സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് നേരിയ സംശയങ്ങളിൽ പോലും ചർച്ച നടത്തുമെന്നും സംശയങ്ങൾ ദുരീകരിക്കുന്ന നടപടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുമെന്നും മന്ത്രി എം.വി ഗോവിന്ദൻ. തൃശൂർ കോർപറേഷൻ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് കെ റെയിൽ വിവാദം ചൂണ്ടിക്കാട്ടി മന്ത്രിയുടെ പരാമർശം. ഭൂതകാലത്തെക്കുറിച്ച് പറഞ്ഞ് അധികം മുന്നോട്ട് പോകാനാവില്ല. ത്രസിപ്പിക്കുന്ന വർത്തമാന കാലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ചിന്ത വേണം. അതിനായി പ്രവർത്തിക്കണം. ലോകത്തിന്റെ മുമ്പിൽ വിസ്മയിപ്പിക്കാൻ കഴിയുന്ന മുന്നേറ്റത്തിന് കഴിഞ്ഞുവെന്നതാണ് കേരളത്തിെൻറ പ്രത്യേകത.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുണമേന്മയുള്ള ജീവിത നിലവാരം പുലർത്തുന്നതാണ് കേരളം. ഇനിയും മുന്നേറണം. എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കും. അതിൽ സംശയമുള്ളവരുമായി ചർച്ച നടത്തും. പറ്റില്ല എന്ന് പണ്ട് പറഞ്ഞിരുന്നതു പോലെ ഇനി പറയാനാവില്ല. കെ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ സംബന്ധിച്ച് സംവേദനത്തിന് മടി കാണിച്ചിട്ടു കാര്യമില്ല. സംശയിക്കുന്നവരുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള നടപടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ ശതാബ്ദിയുടെ ഭാഗമായി നിർമിച്ച കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജനും ഓഫിസ് അങ്കണത്തിലെ പ്രതിമ അനാഛാദനം മന്ത്രി കെ. രാധാകൃഷ്ണനും നിർവഹിച്ചു. മന്ത്രി ആർ. ബിന്ദുവിന്റെ വിഡിയോ സന്ദേശം പ്രദർശിപ്പിച്ചു.