ദില്ലി: മദ്യനയകേസില്‍ നടപടികളുമായി സിബിഐ മുന്നോട്ടുനീങ്ങുന്നതിനിടെ പരിഹാസവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിസിോദിയ അടക്കമുള്ള പ്രതികൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാന്‍ സിബിഐ നടപടികൾ തുടങ്ങിയതിന് പിന്നാലെ ദില്ലിയില്‍ തന്നെയുള്ള തനിക്കെതിരെ ലുക്ഔട്ട് സർക്കുലർ ഇറക്കുന്നതിനെയാണ് സിസോദിയ പരിഹസിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ ജനം മോദിക്ക് ലുക്കൌട്ട് നോട്ടീസ് നല്‍കുമെന്ന് തിരിച്ചടിച്ചു. 2024 ല്‍ ജനം മോദിക്ക് ലുക്ക് ഔട്ട് നോട്ടീസ് നല്‍കും, വലിയ പ്രശ്നങ്ങളുണ്ടായ സമയത്ത് എന്ത് ചെയ്തുവെന്ന് ചോദിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതേസമയം കൂടുതല്‍ പ്രതികളെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്തു. അതിനിടെ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം ശക്തമാക്കുകയാണ് ആം ആദ്മിപാർട്ടി. സിബിഐയും പിന്നാലെ ഇഡിയും മദ്യനയ കേസില്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മനീഷ് സിസോദിയ അടക്കം 12 പേര്‍ക്കെതിരെ ലുക്ക് ഔട്ട് സർക്കുലര്‍ ഇറക്കാന്‍ നടപടികള്‍ തുടങ്ങിയത്. പ്രതികൾ രാജ്യം വിടാതിരിക്കാനാണ് നടപടി. കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനിടെ പത്ത് പേരെ സിബിഐ ചോദ്യം ചെയ്തു. 15 പ്രതികളും നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇഡിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ കേസെടുത്തതിന് പിന്നാലെ താന്‍ രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ മലയാളിയായ അഞ്ചാം പ്രതി വിജയ് നായർ തള്ളി. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ഇതുവരെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിജയ് നായർ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിലാപാട് കടുപ്പിച്ചു. വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പൊറുതിമുട്ടുമ്പോള്‍ സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് സര്‍ക്കാര്‍ രാജ്യത്തെ വെല്ലുവിളിക്കുകയാണെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ആംആദ്മി പാർട്ടി ആവർത്തിക്കുമ്പോഴും നടപടികളുമായി മുന്നോട്ട് പോവുകയാണ് സിബിഐ. ഒപ്പം ഏത് നിമിഷവും മനീഷ് സിസോദിയ അറസ്റ്റ് ചെയ്യപ്പെടാമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.