കോഴിക്കോട്: സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പ് ഫുട് സ്ട്രീറ്റുകള്‍ തുടങ്ങും. ആദ്യ സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയിലായിരിക്കും. പിന്നീട് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക് ഫുട് സ്ട്രീറ്റ് പദ്ധതി വ്യാപിപ്പിക്കും. കേരളത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് ആക്കം കൂട്ടാനാണ് പുതിയ ആശയം നടപ്പിലാക്കുന്നത്. തിരക്കേറിയ വാണിജ്യ മേഖലകളിലെ റോഡരികുകളില്‍ സന്ധ്യക്ക് ശേഷം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം ഒരുക്കുന്നതാണ് പദ്ധതി. ഓരോ സ്ഥലത്തേയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും പദ്ധതി. രാത്രി ഏഴു മണി മുതല്‍ രാത്രി പന്ത്രണ്ട് വരെ ഈ സ്ട്രീറ്റുകള്‍ പ്രവൃത്തിക്കും. ആദ്യമായി പദ്ധതി നടപ്പാക്കുന്നത് കോഴിക്കോട് വലിയങ്ങാടിയിലാണ്.
ഓരോ പ്രദേശത്തേയും തനത് ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ഫുട്സ്ട്രീറ്റുകള്‍. പദ്ധതി തുടങ്ങാനായി പ്രത്യേക സമിതി രൂപീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. എല്ലാ മേഖലയിലുള്ളവരുടേയും അഭിപ്രായങ്ങള്‍ തേടി അതു കൂടി പരിഗണിച്ചാവും ഫുഡ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുക. വരുന്ന മധ്യവേനല്‍ അവധിക്കാലത്ത് ഫുഡ്സ്ട്രീറ്റിന്‍റെ പ്രവര്‍ത്തനം കോഴിക്കോട് തുടങ്ങാനാണ് തീരുമാനം. അടുത്ത ഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം അടക്കം കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് ഫുഡ് സ്ട്രീറ്റ് പദ്ധതി വ്യാപിപ്പിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.