തിരുവനന്തപുരം: മന്ത്രിസഭാ ഉപസമിതി യോഗ തീരുമാനങ്ങളെല്ലാം പഴയതാണെന്ന് ലത്തീൻ അതിരൂപത. വാഗ്ദാനങ്ങൾ പോരാ, നടപടി വേണം. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ട്. വിഴിഞ്ഞം സമരം തുടരുമെന്ന് സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് പറഞ്ഞു.
മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിനു വിട്ടു നൽകാനാണു മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നത്. മന്ത്രിമാരായ എം.വി.ഗോവിന്ദൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, വി.അബ്ദുറഹിമാൻ, കെ.രാജൻ, ചിഞ്ചുറാണി എന്നിവരും മേയർ ആര്യാ രാജേന്ദ്രനും ചർച്ചയില്‍ പങ്കെടുത്തു.
രണ്ടു സ്ഥലങ്ങളിലുമായി 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ക്യാംപുകളിൽ താമസിക്കുന്ന 335 കുടുംബങ്ങൾക്ക് ആദ്യ പരിഗണന നൽകും. അവരെ വാടകവീടുകളിലേക്ക് ഉടൻ മാറ്റും. വാടക സർക്കാർ നൽകും. മൃഗസംരക്ഷണ വകുപ്പിന് ജയിൽ വകുപ്പിന്റെ ഭൂമി പകരം നൽകാനും തത്വത്തിൽ ധാരണയായി. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിനുശേഷം ഉപസമിതി വീണ്ടും യോഗം ചേരും. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം ഭൂമി കൈമാറ്റത്തിൽ അന്തിമ തീരുമാനമെടുക്കും.