കണ്ണൂർ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതുമായി ബന്ധപ്പെട് വിവാദത്തിൽ, കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. സര്‍വകലാശാല ആസ്ഥാനത്തേക്ക് കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ ഓടിക്കയറി. പ്രതിഷേധത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്ന പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. അതിക്രമിച്ചു കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
അഞ്ച് യുവമോർച്ചാ പ്രവർത്തകരാണ് കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തേക്ക് കരിങ്കൊടിയുമായി ഓടിക്കയറിയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം തടഞ്ഞെങ്കിലും ഇവർ കുതറിയോടി. തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് യുവമോർച്ച പ്രവർത്തകരെ തടഞ്ഞതും ബലം പ്രയോഗിച്ച് നീക്കിയതും. തുടർന്ന് പൊലീസ് വാഹനത്തിൽ ഇവരെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്കു നീക്കി.
കണ്ണൂർ സർകലാശാല വിസിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് ഇവർ പ്രതിഷേധിച്ചത്. വിസിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് കടന്നുചെന്ന് പ്രതിഷേധിക്കുമെന്ന് യുവമോർച്ച രാവിലെ അറിയിച്ചിരുന്നു. അതിനാൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല വിസിക്ക് പൊലീസ് സംഘം കൂടുതൽ സുരക്ഷ ഉറപ്പാക്കിയിരുന്നു.
അതേസമയം, തന്നെ ക്രിമിനലെന്നു വിശേഷിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തിൽ പ്രതികരണത്തിനില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. പ്രഫ.ഗോപിനാഥ് രവീന്ദ്രൻ ക്രിമിനലാണെന്നും തന്നെ ആക്രമിക്കാൻ ഒത്താശ നടത്തിയ ആളാണെന്നും ഗവർണർ ഇന്നലെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണത്തിനില്ലെന്ന വിസിയുടെ പ്രസ്താവന.