കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കല്ലിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും . ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയിൽ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതെന്ന് ഹർജിയില്‍ ആരോപിക്കുന്നു. ജീവക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്‍റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസൺ അപേക്ഷയില്‍ ആരോപിക്കുന്നു
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ 14ാം തിയതിയാണ് ഹൈക്കോടതി തളളിയത്. ബലാത്സംഗ – പോക്സോ കേസുകളിലാണ് മോൻസണ്‍ കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും ബലാത്സംഗം ചെയ്തെന്നായിരുന്നു കുറ്റം. ഇരുകേസുകളിലും കുറ്റപത്രം സമർപ്പിച്ചെന്നും വിചാരണ ഉടൻ തുടങ്ങുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തളളിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോൻസൺ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കൽ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.