സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിലെ അഞ്ച് താരങ്ങള്‍ക്ക് കൊവിഡ്. പരിശീലകന് ഡിയേഗോ സിമിയോണിയും സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനും അടക്കമുള്ളവര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരൊക്കെ ഐസൊലേഷനിലാണെന്ന് ക്ലബ് അറിയിച്ചു. നേരത്തെ, റയല്‍ മാഡ്രിഡ്, ബാഴ്സലോണ താരങ്ങള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. സിമിയോണി, ഗ്രീസ്മാന് എന്നിവര്‍ക്കൊപ്പം കോക്കെ, ഹെക്ടര്‍ ഹെരേര, ജാവോ ഫെലിക്സ് എന്നീ താരങ്ങള്‍ക്കും കൊവിഡ് പോസിറ്റീവാണ്. റയല്‍ മാഡ്രിഡ് നിരയില്‍ 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിനീഷ്യസ് ജൂനിയര്‍, തിബോ ക്വര്‍ട്ട, ഫെഡറിക്കോ വാല്വെര്ദെ, എഡ്വാര്‍ഡോ കാമവിങ്ങ, ലൂക്ക ജോവിച് എന്നിവര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. ഗാരെത് ബെയ്ല്, മാര്‍ക്കോ അസെന്‍സിയോ, ആന്‍ഡ്രി ലുനിന്, റോഡ്രിഗോ, ലുക്കാ മോഡ്രിച്, മാഴ്സെലോ എന്നിവര്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബാഴ്സയുടെ 9 താരങ്ങള്‍ക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലെമെന്റ് ലെങ്ലെറ്റ്, ഡാനിയല്‍ ആല്‍വസ്, ജോര്‍ഡി ആല്‍ബ, സെര്‍ജീഞ്ഞോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്ദെ എസല്സൗലി എന്നിവര്‍ക്ക് ഇന്ന് കൊവിഡ് ബാധിച്ചു. ഉസ്മാന് ഡെംബലെ, സാമുവല്‍ ഉംറ്റിറ്റി, ഗാവി എന്നിവര്‍ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.