ജനപ്രിയ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപിലേക്ക് പുതിയൊരു ഫീച്ചര്‍ കൂടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അറിയാതെയും മറ്റും ഡിലീറ്റു ചെയ്തുപോയ സന്ദേശങ്ങള്‍ തിരിച്ചെടുക്കാനായിരിക്കും പുതിയ ഫീച്ചര്‍ അനുവദിക്കുക. നിലവില്‍ ഒരു സന്ദേശം ഡിലീറ്റു ചെയ്തു പോയാല്‍ അത് പിന്നെ തിരിച്ചെടുക്കാനാവില്ല. വാട്‌സാപിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന വാബീറ്റാഇന്‍ഫോ ആണ് പുതിയ ഫീച്ചറിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പിന്റെ ബീറ്റാ വേര്‍ഷനുകളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫീച്ചറുകള്‍ പഠിച്ച ശേഷമാണ് വാബീറ്റാഇന്‍ഫോ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്.
∙ എന്താണ് പുതുമ?
ഡിലീറ്റു ചെയ്ത സന്ദേശം തിരിച്ചെടുക്കാനുളള ബട്ടണ്‍ ഇപ്പോള്‍ ഐഒഎസിലും പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത് ഏതാനും ദിവസം മുൻപ് ആന്‍ഡ്രോയിഡിലെ വാട്‌സാപ് ബീറ്റാ വേര്‍ഷനിലും പരീക്ഷണാര്‍ഥം എത്തിയിരുന്നു എന്ന് വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്ങനെയായിരിക്കും ഒരിക്കല്‍ നീക്കംചെയ്ത സന്ദേശം തിരിച്ചെടുക്കുക എന്നതിനെക്കുറിച്ചുള്ള ഒരു സ്‌ക്രീന്‍ഷോട്ടും റിപ്പോര്‍ട്ടില്‍ പങ്കുവച്ചിട്ടുണ്ട്. വാട്‌സാപില്‍ പോസ്റ്റു ചെയ്ത ഒരു സന്ദേശം ഡിലീറ്റു ചെയ്യാന്‍ എല്ലാവര്‍ക്കും അറിയാമല്ലോ. പോസ്റ്റു ചെയ്ത സന്ദേശത്തില്‍ അമര്‍ത്തിപ്പിടിക്കുമ്പോള്‍ ‘ഡിലീറ്റ് ഫോര്‍ മീ’ മാത്രമോ, അല്ലെങ്കില്‍ അതിനൊപ്പം ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ കൂടെയോ തെളിഞ്ഞു വരുന്നു. ഇതില്‍ വേണ്ടതു തിരഞ്ഞെടുക്കാം. അങ്ങനെ ഡിലീറ്റു ചെയ്തു കഴിഞ്ഞാല്‍ പോസ്റ്റ് കിടന്നിടത്ത് ‘മെസേജ് ഡിലീറ്റഡ്’ എന്ന സന്ദേശമായിരിക്കും കാണാനാകുക. നിലവില്‍ ഇങ്ങനെ ഡിലീറ്റു ചെയ്ത സന്ദേശം എന്നന്നേയ്ക്കുമായി അപ്രത്യക്ഷമാകും. ആ രീതിക്കാണ് ഇനി മാറ്റം വരിക.
∙ അണ്‍ഡു
താമസിയാതെ എത്തുമെന്നു കരുതുന്ന ഫീച്ചറില്‍ ‘മെസേജ് ഡിലീറ്റഡ്’ എന്ന സന്ദേശത്തില്‍ അമര്‍ത്തിപ്പിടിച്ചാല്‍ ‘അണ്‍ഡു’ എന്നൊരു ഓപ്ഷാനായിരിക്കും ലഭിക്കുക. എന്നാല്‍, ഇത് എത്ര നേരത്തേക്കായിരിക്കും ലഭിക്കുക എന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്തായാലും അത് അധിക നേരത്തേക്ക് നല്‍കിയേക്കില്ലെന്നാണ് അനുമാനം. ഒരു പക്ഷേ, സെക്കന്‍ഡുകളോ, മിനിറ്റുകളോ ആയിരിക്കാമെന്നും വാദമുണ്ട്. ഐഒഎസിലെ 22.18.0.70 അപ്‌ഡേറ്റിലാണ് വാബീറ്റാഇന്‍ഫോ ഈ മാറ്റം കണ്ടെത്തിയത്. ഇതിപ്പോള്‍ ബീറ്റാ പരീക്ഷണം നടത്തുന്ന മറ്റുള്ളവര്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ അവരോട് അടുത്ത അപ്‌ഡേറ്റ് വരെ കാത്തിരിക്കാനാണ് റിപ്പോര്‍ട്ടിലുള്ള നിര്‍ദ്ദേശം.
ഇങ്ങനെ ബീറ്റാ ടെസ്റ്റിങ് നടത്തുന്ന ഒട്ടു മിക്ക ഫീച്ചറുകളും താമസിയാതെ വാട്‌സാപില്‍ ലഭിക്കാറുണ്ട്. വളരെ ചുരുക്കം ഫീച്ചറുകളാണ് പരീക്ഷണ ഘട്ടത്തില്‍ പിഴവുകള്‍ കണ്ടെത്തുകയും പിന്നെ വേണ്ടന്നു വയ്ക്കുകയും ചെയ്തിരിക്കുന്നത്. ഇതിനാല്‍ തന്നെ, വരും ആഴ്ചകളിലോ മാസങ്ങളിലോ ഡിലീറ്റു ചെയ്ത സന്ദേശം തിരിച്ചെടുക്കാന്‍, അല്ലെങ്കില്‍ ‘അണ്‍ഡു’ ചെയ്യാനുള്ള അവസരം എത്തുമെന്നു തന്നെ കരുതുന്നു.