ഹൈദരാബാദ്: പ്രവാചക വിരുദ്ധ പരാമർശം നടത്തിയ കേസില്‍ തെലങ്കാന ബിജെപി എംഎൽഎ ഠാക്കൂർ രാജാ സിങ്ങിനെ തെലങ്കാന പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇതേ കേസിൽ അറസ്റ്റിലായ രാജാ സിങ്ങിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇയാൾക്കെതിരെ ഹൈദരാബാദിൽ വൻ പ്രതിഷേധം തുടരുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ് നഗരത്തിലെ ഗോഷാമഹൽ എംഎൽഎയായ രാജാ സിങ്ങിനെ അറസ്റ്റിനു പിന്നാലെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, തെലങ്കാന പൊലീസ് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ കയ്യിലെ കളിപ്പാവകളാണെന്ന് ആരോപിക്കുന്ന പുതിയ വിഡിയോ രാജാ സിങ് പുറത്തുവിട്ടു. ‘‘ഉവൈസിയുടെ അനുയായികൾക്ക് കല്ലെറിയാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അവർക്കെതിരെ എഫ്‌ഐആർ ഇല്ല, അറസ്റ്റില്ല’’ – വിഡിയോയില്‍ പറയുന്നു.
എന്തുകൊണ്ടാണു തെലങ്കാനയിൽ ഇന്ന് വിനാശകരമായ അന്തരീക്ഷമെന്ന് ചോദിച്ച അദ്ദേഹം, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (കെസിആർ) ഒരു മതത്തിലും വിശ്വസിക്കാത്ത നിരീശ്വരവാദിയാണെന്നും എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഉവൈസിക്കൊപ്പം മുസ്‌ലിം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു.