കൊച്ചി: കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നതു തടയാനുള്ള ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്. പോക്സോ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണു ബോധവൽക്കരണ പാഠങ്ങൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതിയുടെ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോടും സിബിഎസ്‍ഇയോടും ആണ് കോടതിയുടെ നിർദേശം. 2023-24 അധ്യയന വർഷത്തെ പാഠ്യപദ്ധതിയിൽതന്നെ ഇത് നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു. രണ്ടു മാസത്തിനുള്ളിൽ വിദഗ്ധ സമിതി രൂപീകരിച്ച് ആറു മാസത്തിനുള്ളിൽ പാഠ്യപദ്ധതി തയാറാക്കണമെന്നാണ് ആവശ്യം. കോടതി സ്വമേധയാ സിബിഎസ്ഇ, കെൽസ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എന്നിവരെ കക്ഷി ചേർത്ത് റിപ്പോർട്ട് തേടിയിരുന്നു.
ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നടപ്പിലാക്കിയ എറിൻസ്‍ ലോ മാർഗ്ഗരേഖയായി ഉപയോഗിക്കാമെന്നു കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ പ്രായം അനുസരിച്ചായിരിക്കണം ലൈംഗികാതിക്രമം തടയുന്നതിനുള്ള വിഷയം പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കേണ്ടതെന്നും കോടതി പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിൽ കോടതി നേരത്തേ ആശങ്ക പ്രകടിപ്പിക്കുകയും പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു.