ചർമ്മത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന നിരവധി സൗന്ദര്യവർദ്ധക ചികിത്സകൾ ഇന്ന് ലഭ്യമാണ്. എങ്കിൽ തന്നെയും പ്രശ്നങ്ങൾ അത്രയധികം രൂക്ഷമല്ലെങ്കിൽ ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ തേടുന്നതാണ് കൂടുതൽ ഉത്തമം. എന്നാൽ ഇന്ന് നമ്മളിൽ പലരും ചെറിയ പ്രശ്നങ്ങൾ പോലും ചികിത്സിക്കാൻ സലൂണുകളിലേയ്ക്ക് പോകുന്നത് പതിവാക്കിയിരിക്കുന്നു.
ഈ പ്രകൃതിദത്ത പരിഹാരങ്ങൾ നിങ്ങളുടെ ഇരുണ്ട പാടുകളും കറുത്ത പുള്ളികളും ഉൾപ്പടെ സുരക്ഷിതമായും എളുപ്പത്തിലും ഇല്ലാതാക്കാൻ സഹായിക്കും. എല്ലാറ്റിലുമുപരി ഇത് തികച്ചും പാർശ്വഫലം വിമുക്തവുമാണ്. നിങ്ങളുടെ ചർമ്മത്തെ അസ്വസ്ഥമാക്കുന്ന ഇരുണ്ട പാടുകളെ ഒഴിവാക്കാനും മുഖത്തിന് നഷ്ടപ്പെട്ട തിളക്കവും മനോഹാരിതയും വീണ്ടെടുക്കാനുമായി ഏറ്റവും ഫലപ്രദവും ചില വഴികൾ ഇതാ.
ചർമ്മ സൗന്ദര്യത്തിന് ഒഴിച്ച് കൂടാനാകാത്ത ഒരു കാര്യമാണ് കറ്റാർ വാഴയുടെ നീര്. ദിവസവും കറ്റാർ വാഴ ജെൽ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. കറ്റാർ വാഴ ഇല ചെറുതായി മുറിച്ചെടുത്ത ശേഷം അതിന്റെ ജെൽ പുറത്തെടുക്കുക. മുഖത്തെ നിറവ്യത്യാസമുള്ള സ്ഥലങ്ങളിൽ ഇത് നേരിട്ട് പ്രയോഗിക്കുക. 30 മിനിറ്റ് കാത്തിരുന്നതിനെ തുടർന്ന് കഴുകിക്കളയാം. കറ്റാർവാഴ നിങ്ങളുടെ വീട്ടിൽ ലഭ്യമല്ലെങ്കിൽ, ഏതെങ്കിലുമൊരു നല്ല ബ്രാൻഡിന്റെ കറ്റാർ വാഴ ജെൽ തിരഞ്ഞെടുത്ത് ഉപയോഗിക്കാം. ആരോഗ്യകരമായ ശരീരസ്ഥിതി നേടിയെടുക്കാനായി ഇടയ്ക്കൊക്കെ കറ്റാർ വാഴ ജ്യൂസ് കുടിക്കുകയും ചെയ്യാം. വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്ത് കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ പലതാണ്.
മുഖക്കുരു പാടുകൾ, പ്രായാധിക്യ ലക്ഷണങ്ങൾ, മറ്റ് ചർമ്മ അണുബാധകൾ തുടങ്ങിയവയിൽ നിന്നും മുക്തി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ചന്ദനം മികച്ച പരിഹാര മാർഗ്ഗമാണ്. ചന്ദനവും റോസ് വാട്ടറും ഒരുമിച്ച് കലർത്തി ഒരു ഫെയ്സ് പായ്ക്ക് തയ്യാറാക്കി മുഖത്ത് പുരട്ടാം. ഒരു രാത്രി മുഴുവൻ ഇത് മുഖത്ത് വയ്ക്കുക. രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ഇത് കഴുകിക്കളയാം. കറുത്ത പാടുകളെ പെട്ടെന്ന് ഒഴിവാക്കാനുള്ള മറ്റൊരു ഫലപ്രദമായ മാർഗ്ഗം ഈ പേസ്റ്റിലേക്ക് കുറച്ച് ഗ്ലിസറിൻ കൂടി ചേർക്കുക എന്നതാണ്. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നതിനു മുൻപ് ഇത് ഉണങ്ങാൻ അനുവദിക്കുക. ചന്ദനം ഉപയോഗിച്ചുള്ള ഈ വിദ്യ ആഴ്ചയിൽ മൂന്ന് തവണ ചെയ്‌താൽ ക്രമേണ നിങ്ങളുടെ മുഖത്തെ ഇരുണ്ട നിറവും കറുത്ത പുള്ളികളും അപ്രത്യക്ഷമാകുന്നത് കാണാം.
തിളപ്പിക്കാത്ത പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പായി ഇത് പ്രശ്ന ബാധിത ചർമ്മ ഭാഗങ്ങളിൽ പുരട്ടി രാവിലെ ചൂടുവെള്ളത്തിൽ കഴുകുക. മുഖക്കുരു അല്ലെങ്കിൽ എണ്ണമയമുള്ള സ്കിൻ ടോൺ ഉള്ളവർക്ക് പാലിനു പകരം കുറച്ച് വെണ്ണയെടുത്ത് നാരങ്ങ നീരിനോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിക്കാം. കൂടാതെ വീട്ടിലുണ്ടാക്കുന്ന ഫെയ്സ് പായ്ക്കുകൾ തയ്യാറാക്കുമ്പോൾ വെള്ളത്തിന് പകരമായി പാൽ ഉപയോഗിക്കുന്നതും ശീലമാക്കാം. ദിവസവും മുഖം കഴുകാനായി പാല ഉപയോഗിക്കുന്നതും മികച്ച തീരുമാനമാണ്. ഇങ്ങനെ പതിവായി ചെയ്തു നോക്കൂ, വ്യത്യാസം അനുഭവിച്ചറിയൂ.