കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രൂക്ഷമായ തെരുവുനായ ആക്രമണത്തിന് പരിഹാരം തേടി വെടിവച്ചു കൊല്ലുന്നതടക്കമുള്ള കാര്യങ്ങളിൽ കോർപ്പറേഷൻ കൗൺസിലിൽ ചൂടേറിയ ചർച്ച. ആക്രമണ സ്വഭാവമുള്ള നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടാൻ ശ്രമിക്കണമെന്ന ചർച്ചയാണ് കോർപ്പറേഷനിൽ നടന്നത്. ആക്രമണ സ്വഭാവമുള്ള നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് നിയമപരമായ അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
കോഴിക്കോട് നഗരത്തിൽ വർധിച്ച് വരുന്ന തെരുവ് നായകളുടെ ശല്യം പരിഹരിക്കാൻ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. ഗൗരവത്തോടെ ഇക്കാര്യത്തിൽ സമിതിയിൽ ചർച്ചയുണ്ടാവും. കോർപറേഷൻ കൗൺസിലിലെ എല്ലാ കക്ഷികളും അടങ്ങുന്നതാവും കമ്മറ്റിയെന്നും മേയർ പറഞ്ഞു. കാട്ടു പന്നികളുടെ കാര്യത്തിലെന്ന പോലെ ആക്രമണ സ്വഭാവമുള്ള തെരുവ് നായകളെ വെടിവക്കാൻ അനുമതി നൽകണമെന്ന് ഈ വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ച ഇടതുപക്ഷ കൗൺസിലർ എൻ സി മോയിൻ കുട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കാളൂർ റോഡ് ഭാഗത്ത് നായ പ്രകോപനമില്ലാതെ കൊച്ചുകളടക്കം 12 പേരെ കടിച്ചതായി മോയിൻകുട്ടി പറഞ്ഞു. വാക്സിനടിച്ചിട്ടും ആൾ മരിക്കുന്നുവെന്ന വാർത്ത വന്നതോടെ എല്ലാവരും ആശങ്കയിലാണ്. നായകൾ അരാജകത്വമുണ്ടാക്കുന്നു. കോഴിക്കോട് എ.ബി.സി പദ്ധതിയുണ്ടായിട്ടും നായ ശല്യം കൂടിവരുന്നുവെന്നും മോയിൻ കുട്ടി പറഞ്ഞു.
നായകളെ പരിപാലിക്കണമെന്ന നഗരകാര്യ ഡയറകട്റുടെ ഉത്തരവ് പിൻ വലിക്കണമെന്ന് കോർപറേഷൻ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് കെ സി ശോഭിതയും ആവശ്യപ്പെട്ടു. കെ മൊയ്തീൻ കോയ, ഡോ. പി എൻ അജിത, അഡ്വ. സി എം ജഷീർ, എം ബിജുലാൽ, കെ നിർമ്മല, എം പി ഹമീദ്, ഉഷാകുമാരി, സരിത പറയേരി തുടങ്ങിയവർ വിവിധ കാര്യങ്ങൾ നിർദ്ദേശിച്ചു.
നഗരത്തിൽ മയക്കുമരുന്ന് വ്യാപിക്കുന്ന കാര്യത്തിൽ കോർപറേഷൻ നടപടി തുടങ്ങിയതായി ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ് അറിയിച്ചു.