തിരുവനന്തപുരം: നിയമസഭയിൽ പലതവണ സ്പീക്കറുടെ ശാസന ഏറ്റുവാങ്ങിയ എ.എൻ.ഷംസീർ സ്പീക്കർ പദവിയിലേക്കെത്തുമ്പോൾ പ്രവർത്തന ശൈലി അടിമുടി മാറ്റേണ്ടിവരും. ഷംസീറിന്റെ പ്രസംഗത്തിലെ പ്രയോഗങ്ങൾ പലപ്പോഴും വിവാദമായിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ കടുത്ത പ്രയോഗങ്ങളിലൂടെ ആക്രമിക്കുന്ന രീതി സഭയെ പലപ്പോഴും പ്രക്ഷുബ്ദമാക്കി. സ്പീക്കർ പദവിയിലെത്തിയതോടെ സഭാ നടപടികൾ തടസ്സമില്ലാതെ കൊണ്ടുപോകേണ്ട, പക്ഷപാതമില്ലാതെ പ്രവർത്തിക്കേണ്ട ഷംസീറിന് രാഷ്ട്രീയ പ്രയോഗങ്ങൾ തൽക്കാലം അവസാനിപ്പിക്കേണ്ടിവരും.
സ്പീക്കർ സ്ഥാനം ഒഴിഞ്ഞ് മന്ത്രിയാകുന്ന എം.ബി.രാജേഷ് പലതവണ ഷംസീറിനെ സഭയ്ക്കുള്ളിൽ ശാസിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഷംസീർ മാസ്കില്ലാതെ സഭയിൽ ഇരുന്നതിനെ സ്പീക്കർ വിമർശിച്ചു. ‘ ഷംസീർ തീരെ മാസ്ക് ഉപേക്ഷിച്ചതായാണ് കാണുന്നത്. പലരും മാസ്ക് താടിക്കു വച്ചിരിക്കുന്നു. ഇത് വെബ്‌കാസ്റ്റ് ചെയ്യുന്നതാണ്. തെറ്റായ സന്ദേശമാണ് ജനങ്ങൾക്കു നൽകുന്നത്’– സ്പീക്കർ പറഞ്ഞു.
2021 ജൂണ്‍ മൂന്നിന് സഭ സമ്മേളിച്ചപ്പോൾ ഷംസീറിന്റെ പ്രസംഗം 15 മിനിറ്റ് പിന്നിട്ട കാര്യം സ്പീക്കർ എം.ബി.രാജേഷ് ഓർമിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങൾ സംസാരിച്ചപ്പോൾ ഈ നിയന്ത്രണം കണ്ടില്ലെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. സ്പീക്കർ പക്ഷപാതമില്ലാതെ പ്രവർത്തിക്കേണ്ട ആളാണെന്നു പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ വിമർശനവുമായി എണീറ്റു. തുടർന്ന്, സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്യുന്നില്ലെന്നു ഷംസീർ തിരുത്തി. സ്വയം നിയന്ത്രണം പാലിക്കണമെന്ന് സ്പീക്കറും ഓർമിപ്പിച്ചു.
തന്റെ സംസാരത്തെ ഷംസീർ പലതവണ തടസ്സപ്പെടുത്തിയപ്പോൾ ഷംസീറിന്റെ ക്ലാസ് തനിക്കു വേണ്ടെന്ന് പ്രതിപക്ഷ നേതാവിനു രൂക്ഷമായി ഭാഷയിൽ പറയേണ്ടിവന്നു. ‘സ്പീക്കർ പറയേണ്ട കാര്യം തലശേരി അംഗം പറയുകയാണ്. ഷസീർ പഠിപ്പിക്കേണ്ട, ഷംസീറിന്റെ ക്ലാസ് എനിക്കു വേണ്ട’– വി.ഡി.സതീശൻ പറഞ്ഞു. തുടർന്ന് സ്പീക്കർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പല പ്രതിപക്ഷ അംഗങ്ങളും സഭയിൽ ഷംസീറുമായി തർക്കത്തിലേർപ്പെട്ടു. പ്രസംഗത്തിനിടെയിലുള്ള ഷംസീറിന്റെ ഇടപെടലും കമന്റുകളുമാണ് അംഗങ്ങളെ ചൊടിപ്പിച്ചത്.
മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവേ ഷംസീറിന്റെ പ്രയോഗങ്ങൾ വിവാദമായി. നാക്കുപിഴയുണ്ടായതായി പറഞ്ഞു പിന്നീട് ക്ഷമ ചോദിക്കേണ്ടിവന്നു. എംബിബിഎസ് ബിരുദം നേടിയ ചിലർ പിജിയുണ്ടെന്ന വ്യാജേന ചില കേന്ദ്രങ്ങളിൽ ചികിത്സ നടത്തുന്നു എന്ന കാര്യമാണ് താൻ പറയാൻ ഉദ്ദേശിച്ചതെന്ന് ഷംസീർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിജിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തുന്നവരെ നിയമത്തിലൂടെ തടയണമെന്നാണ് ഉദ്ദേശിച്ചത്. എന്നാൽ, ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചപ്പോൾ നാക്കുപിഴയുണ്ടായി. വാക്കുകൊണ്ടോ മനസ്സുകൊണ്ടോ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പുറത്തു വന്നത്. എംബിബിഎസ് ഡോക്ടർമാരെ ആക്ഷേപിക്കുന്ന തരത്തിൽ തെറ്റിദ്ധാരണയുണ്ടാകുന്ന പരാമർശങ്ങളിൽ ക്ഷമ ചോദിക്കുന്നതായും സഭാ രേഖകളിൽനിന്ന് അവ തിരുത്താൻ നിർദേശിച്ചതായും ഷംസീർ പറഞ്ഞു.
കെ–റെയിൽ വിനാശകമായ പദ്ധതിയാണെന്ന് പി.സി.വിഷ്ണുനാഥ് സഭയിൽ പറഞ്ഞപ്പോൾ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞ കാര്യമാണെന്നും കല്ലുപിഴുതാൽ തല്ലു മേടിക്കുമെന്നുമുള്ള ഷംസീറിന്റെ പ്രസ്താവനയും പ്രതിപക്ഷ ബഹളത്തിനിടയാക്കി.