തിരുവനന്തപുരം : തിരുവനന്തപുരം റൂറലിൽ നാല് മണിക്കൂറിനിടെ 107 ഗുണ്ടകളെ അറസ്റ്റ് ചെയ്ത് പൊലീസ്. 94 വാറണ്ട് പ്രതികളും 13 പിടികിട്ടാപ്പുള്ളികളുമാണ് പിടിയിലായത്.പുലര്‍ച്ചെ അഞ്ച് മണിക്ക് തിരുവനന്തപുരം റൂറലിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് 107 പേരുംപിടിയിലായത്. കോടതിയേയും പൊലീസിനേയും കബളിപ്പിച്ച് മുങ്ങി നടന്ന പ്രതികളാണ് പിടിയിലായത്. റൂറൽ എസ്പി ശിൽപ്പ ദേവയ്യയുടെ നേതൃത്വത്തിലായിരുന്നു ഗുണ്ടാവേട്ട.
രാവിലെ ഒമ്പത് വരെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും പരിശോധനയുണ്ടായി. ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയായിരുന്നു മിന്നൽ റെയ്ഡ്. പിടിയിലായവരിൽ ഗുരുതര കുറ്റകൃത്യം ചെയ്തവരെ പൂജപ്പുര ജയിലിലേക്ക് മാറ്റി. അഞ്ച് സബ് ഡിവിഷണൽ ഓഫീസര്‍മാരും 38 എസ്എച്ച്ഒമാരും റെയ്ഡിൽ പങ്കെടുത്തു. ക്രമസമാധാന നില ഭദ്രമാക്കുന്നതിനും ഓണാഘോഷ പരിപാടികൾ സുഗമമാക്കുന്നതിനും വേണ്ടിയായിരുന്നു ഗുണ്ടാവേട്ട. വരുംദിവസങ്ങളും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി തുടരാനാണ് പൊലീസ് തീരുമാനം. ചന്ത, ബസ് സ്റ്റാന്‍റ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഓണാഘോഷ പരിപാടി നടക്കുന്ന മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഷാഡോ ടീം ഉൾപ്പെടെയുള്ള പൊലീസിനെ വിന്യസിക്കും.