ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമായ പുതിയ ചിത്രം ‘കോബ്ര’യ്ക്ക് തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയ്ക്ക് ഏറെ വിമർശനങ്ങളും നേരിടുന്നുണ്ട്. ഇപ്പോഴിതാ സിനിമയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ ക്ലൈമാക്സ് നിരാശപ്പെടുത്തി എന്നൊരു പ്രേക്ഷകൻ പറഞ്ഞപ്പോൾ നായകൻ തന്റെ കുറ്റകൃത്യങ്ങളിൽ നിന്ന് നിസാരമായി രക്ഷപ്പെടുന്നത് ധാർമികമല്ല എന്നാണ് സംവിധായകൻ പ്രതികരിച്ചത്. ‘ഹീറോ സമർത്ഥമായി രക്ഷപ്പെടുന്ന ഒരു ക്ലൈമാക്‌സ് എഴുതാം, ഞങ്ങൾ അവനെ ഒരു വിദേശ ലൊക്കേഷനിൽ മാസ് മ്യൂസിക്കും എല്ലാം ഉപയോഗിച്ച് സ്വതന്ത്രമായി കറങ്ങുന്നത് കാണിക്കുന്നു… എന്നാൽ അത് ധാർമികമല്ല’, അജയ് ജ്ഞാനമുത്തു പറഞ്ഞു.
കോബ്ര പ്രതീക്ഷകയ്‌ക്കൊത്ത് ഉയർന്നില്ല എന്ന് ചിലർ വ്യക്തമാക്കിയപ്പോൾ അദ്ദേഹം അവരോട് ക്ഷമ ചോദിച്ചു. നിങ്ങൾ നിരാശരായതിൽ ഖേദിക്കുന്നു. അടുത്ത തവണ നിങ്ങളെ തൃപ്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അവസാനിപ്പിക്കുന്നതിന് മുമ്പ് കോബ്രയ്ക്ക് മറ്റൊരു അവസരം നൽകാൻ ശ്രമിക്കുക’ സംവിധായകൻ കൂട്ടിച്ചേർത്തു. ‘കെജിഎഫി’ലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.റോഷൻ മാത്യു, മൃണാളിനി, മാമുക്കോയ, മിയ തുടങ്ങിയ വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ്ങ്.