കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹർജിയിൽ വാദം പൂർത്തിയായി. ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഹർജിയിൽ രഹസ്യവാദമാണ് നടന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച വാദം പൂർത്തിയായത് വൈകുന്നേരം 5 മണിക്കാണ്.
അതേസമയം, കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം സുപ്രീം കോടതി അനുവദിച്ചു. അടുത്ത വര്‍ഷം ജനുവരി 31ന് അകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണയ്ക്കു കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസാണു സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. നാല് ആഴ്ചയ്ക്കകം വിചാരണയുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.