ന്യൂഡൽഹി: പാക് യുവതാരത്തെ ഫീച്ചർ ചെയ്ത് നടി ഉർവശി റൗട്ടേല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽസിനെതിരെ സൈബർ ആക്രമണം. പാകിസ്താൻ പേസർ നസീം ഷായുടെ വിഡിയോ ബോളിവുഡ് നടി ഷെയർ ചെയ്തതാണ് പലരെയും പ്രകോപിപ്പിച്ചത്. നിരവധി പേരാണ് റീൽസിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഏഷ്യാ കപ്പിലെ ഇന്ത്യ–പാകിസ്താൻ മത്സരം കാണാന്‍ നടി യു.എ.ഇയിലെത്തിയിരുന്നു. മത്സര ദിവസം ടി.വിയിൽ കാണിച്ച തന്റെ ദൃശ്യമാണ് ഉർവശി സ്റ്റാറ്റസ് ഇട്ടത്. ഇതോടൊപ്പം നസീം ഷായുടെ ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നു. വിഡിയോയുടെ പശ്ചാത്തലത്തിൽ പാക് ഗായകൻ ആതിഫ് അസ്‌ലമിന്റെ ‘കോയി തുജ്‌കോ നാ മുജ്‌സെ ചുരാ ലേ’ ഗാനവും ഉപയോഗിച്ചിരുന്നു.
‘നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറി തീയാണ്. പക്ഷെ, ഞങ്ങളുടെ കുട്ടിയെ തൊട്ടുവേണ്ട. അവന് ബൗളിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ എന്നാണ് പാക് വാർത്ത ചാനലായ അരിന്യൂസിന്റെ ചീഫ് എഡിറ്റർ അനീസ് ഹനീഫ് പ്രതികരിച്ചത്. ‘എല്ലാം താൽക്കാലികമാണ്, എന്നാൽ ഇന്ത്യൻ പെൺകുട്ടികൾക്ക് പാക് ആൺകുട്ടികൾക്ക് മേലുള്ള ക്രഷ് താൽക്കാലികമല്ല’ എന്നാണ് പാക് ട്വിറ്റർ യൂസർ മിയാൻ ഉമർ പ്രതികരിച്ചത്.
ആഗസ്ത് 28ന് ഇന്ത്യക്കെതിരായ മത്സരത്തിലൂടെ അന്താരാഷ്ട്ര ട്വന്റി 20യിൽ അരങ്ങേറിയ 19കാരനായ നസീം ഷാ ഇതുവരെ അഞ്ചു വിക്കറ്റാണ് ടൂർണമെന്റിൽ നേടിയത്. ഹോങ്കോങ്ങിനെതിരെ ഏഴു റൺസിന് രണ്ടു വിക്കറ്റു വീഴ്ത്തിയതാണ് മികച്ച പ്രകടനം. ബുധനാഴ്ച ഷാർജയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം.
ഇന്ത്യൻ താരം ഋഷഭ് പന്തുമായി ബന്ധപ്പെട്ട് ഉർവശി നടത്തിയ ചില പ്രസ്താവനകൾ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. താരത്തെ നേരിട്ട് പരാമർശിക്കാതെ, മിസ്റ്റർ ആർ.പി ഹോട്ടലിൽ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നെന്നായിരുന്നു ഉർവശിയുടെ ആരോപണം. എന്നാൽ, ആരോപണം തള്ളിയ പന്ത് പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.