എറണാകുളം: ഫോർട്ട്കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽവെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്ററ്യനാണ് വെടിയേറ്റത്. മീൻപിടിത്തം കഴിഞ്ഞ് ബോട്ടിൽ മടങ്ങുംവഴിയാണ് സംഭവം. സെബാസ്റ്റ്യന്റെ ചെവിക്ക് സാരമായ പരിക്കേറ്റു. നേവി പരിശീലന കേന്ദ്രത്തിന് സമീപമാണ് സംഭവം.
ഫോർട്ടുകൊച്ചി നാവിക പരിശിലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് സമീപം കടലിൽ കരയിൽ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയായിരുന്നു സംഭവം. ഉച്ചക്ക് 12 മണിയോടെ അൽ റഹ്മാൻ നമ്പർ വൺ എന്ന വള്ളത്തിലെ തൊഴിലാളിയായ പള്ളിത്തോട് സ്വദേശി സെബാസ്റ്റ്യൻ എന്ന 70കാരനാണ് വെടിയേറ്റത്. ഇയാളെ പനയപ്പിള്ളി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെടിയുണ്ട വള്ളത്തിൽ നിന്നും കണ്ടെടുത്തു.
തലനാരിഴക്കാണ് സെബാസ്റ്റ്യൻ രക്ഷപ്പെട്ടതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ മൈക്കിൾ അറിയിച്ചു. വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന അധികൃതർ വ്യക്തമാക്കി. വെടിവെപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷിക്കട്ടെയെന്ന് നാവിക സേന അറിയിച്ചു.