തിരുവനന്തപുരം ∙ പട്ടികജാതി ക്ഷേമസമിതി (പികെഎസ്) അടുത്ത മാസം 3ന് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് ഉപരോധത്തിന് സിപിഎം വിലക്ക്. കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പികെഎസിന് ഉപരോധം നടത്താൻ അനുമതി നൽകിയിരുന്നു. എം.വി.ഗോവിന്ദൻ സെക്രട്ടറിയായതോടെ ഉപരോധം പാടില്ലെന്നും, സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയാൽ മതിയെന്നും പാർട്ടി രഹസ്യ നിർദേശം നൽകിയെന്നാണു വിവരം.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പികെഎസ് ഈ മാസം 15 ന് കാസർകോട്ട് നിന്നാരംഭിക്കുന്ന കേരള യാത്രയ്ക്കു സമാപനം കുറിച്ചാണ് അടുത്ത മാസം 3 ന് സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ചിരുന്നത്. മേയിൽ സംസ്ഥാന സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജൂണിൽ പികെഎസ് സംസ്ഥാന കമ്മിറ്റി ഇതിന് അംഗീകാരം നൽകി. ജില്ലാ കമ്മിറ്റികൾ അരലക്ഷത്തിലേറെ പോസ്റ്ററുകളും അച്ചടിച്ചു, പ്രചാരണ വിഡിയോയും തയാറാക്കി.
പട്ടിക ജാതിക്കാർക്കു കൃഷിഭൂമി നൽകുക, വീടു നിർമാണത്തിനുള്ള സർക്കാർ സഹായം വർധിപ്പിക്കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം എന്നീ വിഷയങ്ങൾ ഉന്നയിച്ചു കേരള യാത്ര തുടങ്ങാനായിരുന്നു പികെഎസിന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ, ഇതേ ആവശ്യങ്ങളിൽ പികെഎസ് സമരത്തിനു തയാറെടുത്തിരുന്നു.
എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പിഎസ്‍സിക്കു വിടണമെന്നു സിപിഎം നേതാവ് എ.കെ.ബാലൻ ഇതിനിടെ ആവശ്യപ്പെട്ടതു വിവാദമായി. എൻഎസ്എസും കെസിബിസിയും അതിനെതിരെ രംഗത്തു വന്നതോടെ, സർക്കാരിന് അത്തരമൊരു ഉദ്ദേശ്യമില്ലെന്നു കോടിയേരിക്കു വിശദീകരിക്കേണ്ടി വന്നു. അങ്ങനെയാണു വിവാദം കെട്ടടങ്ങിയത്.
ഈ വിഷയത്തിൽ സമരം പാടില്ലെന്നു സിപിഎം അന്നു തന്നെ പികെഎസിനോടു നിർദേശിച്ചെങ്കിലും പിന്നീട് അനുമതി നൽകി. പുതിയ സെക്രട്ടറി വന്നതോടെയാണ് ഉപരോധം വിലക്കിയത് എന്നാണു വിവരം. പാർട്ടി നിർദേശം പികെഎസിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. അച്ചടിച്ച പോസ്റ്ററുകൾ എന്തു ചെയ്യണമെന്നു നേതാക്കൾക്കു നിശ്ചയമില്ല.
അതേസമയം, എന്തു വന്നാലും സെക്രട്ടേറിയറ്റ് ഉപരോധം മാറ്റിവയ്ക്കില്ലെന്നും എ.കെ.ബാലൻ ഉദ്ഘാനം ചെയ്യുമെന്നും ഇതിന്റെ പേരിൽ ചിലർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും സംസ്ഥാന സെക്രട്ടറി കെ.സോമപ്രസാദ് പറഞ്ഞു. ഉപരോധത്തിനു വിലക്കേർപ്പെടുത്തിയതിനെക്കുറിച്ച് സിപിഎം പ്രതികരിച്ചിട്ടില്ല.