ന്യൂഡൽഹി∙ പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അന്തിമ വിജ്ഞാപനം വരുമ്പോൾ പരാതിയുണ്ടെങ്കിൽ ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി. കരട് വിജ്ഞാപനം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കർഷകശബ്ദം’ എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തള്ളി. 2020ലാണ് കർഷകശബ്ദം സംഘടന സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പശ്ചിമഘട്ട കരടുവിജ്ഞാപനം പ്രകാരം, കേരളത്തിലെ 123 ജനവാസ ഗ്രാമങ്ങൾ പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. അവിടെയുള്ള കർഷകരുടെ ജനജീവിതത്തെ വലിയ തോതിൽ ബാധിക്കുമെന്നും അതിനാൽ കരടു വിജ്ഞാപനം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.