കണ്ണൂര്‍ : കതിരൂർ മനോജ് വധക്കേസിലെ പ്രതി കവർച്ചാ കേസിൽ അറസ്റ്റിൽ. കതിരൂർ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനിൽ കുമാർ ആണ് പിടിയിലായത്. 2019 സപ്തംബർ രണ്ടിന് കാസർഗോഡ് മൊഗ്രാൽ പുത്തൂരിൽ വച്ച് നടന്ന സ്വർണ്ണ വ്യാപാരിയുടെ പണം തട്ടിയ കേസിലെ മുഖ്യപ്രതിയാണ് സിനിൽ. കതിരൂർ മനോജ് വധ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് മോഷണം നടത്തിയത്.
സ്വര്‍ണ്ണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒരു കോടി 65 ലക്ഷം രൂപ മൊഗ്രാല്‍ പുത്തൂരില്‍ വച്ചാണ് കൊള്ളയടിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരി കൈലാസിന്‍റെ പണമാണിത്. ഇത്തരത്തില്‍ ദേശീയ പാത വഴി കൊണ്ട് പോകുന്ന പണം കൊള്ളയടിക്കുന്ന സംഘത്തിന് സിനിലും സുഹൃത്ത് സുജിത്തും ചേര്‍ന്നാണ് നേതൃത്വം നല്‍കുന്നത്. നിലമ്പൂരില്‍ നിന്ന് 84 ലക്ഷം രൂപ, ഒല്ലൂരില്‍ നിന്ന് 95 ലക്ഷം, കതിരൂരില്‍ നിന്ന് 50 ലക്ഷം എന്നിവ കവര്‍ന്നതും ഈ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കവരുന്നത് ഹവാല പണം ആയതിനാല്‍ കേസ് നല്‍കില്ല എന്ന ധൈര്യത്തിലാണ് സംഘത്തിന്‍റെ പ്രവര്‍ത്തനം.2014 സെപ്തംബര്‍ ഒന്നിനാണ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.