മുംബൈ: സർക്കാരിന്റെ വിവരക്കേടും കഴിവില്ലായ്മയും കൊണ്ട് മഹാരാഷ്ട്രക്കാർക്ക് നഷ്ടമായത് ലക്ഷക്കണക്കിന് തൊഴിലവസരമാണെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. മുമ്പ് ഭരണത്തിലിരുന്ന മഹാ വികാസ് അഖാഡി സഖ്യം വളരെയധികം കഷ്ടപ്പെട്ടു നേടിയെടുത്ത പദ്ധതികളാണ് നിലവിലെ സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് നഷ്ടമായതെന്നും ആദിത്യ താക്കറേ ആവർത്തിച്ചു.
വ്യവസായ മന്ത്രി ഉദയ് സാമന്തിനെതിരെ രൂക്ഷവിമർശനമാണ് ആദിത്യതാക്കറെയുടെ ഭാഗത്തുനിന്നുണ്ടായത്. 1.7 ലക്ഷം തൊഴിലവസരങ്ങളാണ് നഷ്ടമായതെന്നാണ് ആദിത്യ താക്കറെയുടെ വാദം. മറ്റാരുടെ ചോദ്യങ്ങളെക്കാളും മുന്നേ ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യത ഏക്നാഥ് ഷിൻഡെ സർക്കാരിനുണ്ടെന്നും ആദിത്യ താക്കറെ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര ഉന്നമിട്ടിരുന്ന 1.54 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഗുജറാത്ത് കൊണ്ടുപോയത്. ഇന്ത്യയുടെ ആദ്യ സെമികണ്ടക്ടർ പ്ലാന്റ് ആണിത്. മൈനിംഗ് കമ്പനിയായ വേദാന്തയും തായ്വാൻ ആസ്ഥാനമായ ഫോക്സ്കോണും ചേർന്നാണ് പദ്ധതി കൊണ്ടുവരുന്നത്. മഹാരാഷ്‌ട്രയിൽ തുടങ്ങാനായി നടപടിക്രമങ്ങളെല്ലാം ആരംഭിച്ചിരുന്നെങ്കിലും അവസാന നിമിഷം കമ്പനി പദ്ധതി അഹമ്മദാബാദിലേക്ക് നിശ്ചയിക്കുകയായിരുന്നു. “ഞാൻ ശ്രദ്ധ വെക്കുന്നത് ഈ വ്യവസായ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വിവരക്കേട് കൊണ്ട് രണ്ട് പദ്ധതികളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും മഹാരാഷ്ട്രക്ക് നഷ്ടമായി എന്നതുമാത്രമാണ്”. ആദിത്യ താക്കറെ പറഞ്ഞു.
ഏറെക്കുറെ നടപടികൾ പൂർത്തിയായ പദ്ധതി മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നത് ഞെട്ടലോടെയാണ് നോക്കിക്കാണുന്നതെന്നാണ് ആദിത്യ താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്തായാലും പദ്ധതി നഷ്ടം രാഷ്ട്രീയപ്പോരിലേക്ക് എത്തി. ശരിക്കും കുറ്റപ്പെടുത്തേണ്ടത് മുൻ സർക്കാരിനെയാണ്. ഞങ്ങൾ അധികാരത്തിലെത്തിയിട്ട് കുറച്ചുദിവസമല്ലേ ആയുള്ളു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2015 ഓഗസ്റ്റിൽ ബിജെപി-ശിവസേന സഖ്യം അധികാരത്തിലിരുന്നപ്പോഴാണ് ഫോക്സ്കോണുമായി അഞ്ച് ബില്യൺ ഡോളറിന്റെ പദ്ധതി രൂപരേഖ ഒപ്പിട്ടത്. പൂനെയിലെ തെലഗാവിൽ ഒരു സെമികണ്ടക്ടർ യൂണിറ്റ് തുടങ്ങാമെന്നായിരുന്നു കരാർ. എന്നാൽ, 2020ൽ മഹാ വികാസ് അഖാഡി ഭരണകാലത്ത് ഈ കരാർ റദ്ദ് ചെയ്തു. എന്നാൽ, യൂണിറ്റ് തുടങ്ങുന്നതിനായുള്ള സമവായ ചർച്ചകൾ തുടരുകയും ചെയ്തു. അതേസമയം, പദ്ധതി മഹാരാഷ്ട്രയിൽ തുടങ്ങാമെന്ന് കമ്പനികൾ ധാരണയായ സമയത്തും ഗുജറാത്ത് അവിടേക്ക് പദ്ധതിയെ കൊണ്ടുപോവുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടായിരുന്നു. ഒടുവിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും സംസ്ഥാനത്തെ ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും ശ്രമം വിജയം കാണുകയായിരുന്നു. എന്തായാലും തുറന്ന രാഷ്ട്രീയപോരിലേക്ക് മഹാരാഷ്ട്രയെ തള്ളിവിട്ടിരിക്കുകയാണ് ഒന്നരലക്ഷം കോടി രൂപയുടെ (20 ബില്യൺ ഡോളർ) പദ്ധതി.