ലഖിംപൂർ: അസമിൽ തേയിലത്തോട്ടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിക്കി ബിശാൽ എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ യുവാവിന്റെ കാമുകിയുടെ കുടുംബമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഹിന്ദുമത വിശ്വാസിയായ ബിക്കിയെ കാമുകിയുടെ വീട്ടുകാർ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നെന്നും ഇതിന്റെ മനപ്രയാസത്തിലായിരുന്നു ഇയാളെന്നും കുടുംബം ആരോപിക്കുന്നു. മതം മാറാൻ സമ്മതിക്കാഞ്ഞതിനാൽ ബിക്കിയുടെ കാമുകിയുടെ വീട്ടുകാർ കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
രണ്ട് പള്ളി അധികൃതരെയും ബിക്കിയുടെ കാമുകിയുടെ അച്ഛനെയും അമ്മാവന്മാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിക്കുവിന്റെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് കാമുകിയുടെ വീട്ടുകാർ ബിക്കിയെ വിളിച്ചുവരുത്തിയിരുന്നെന്ന് കുടുംബം പറയുന്നു. സെപ്തംബർ മൂന്നിന് ബിക്കിയു0 ക്രിസ്തുമത വിശ്വാസിയായ കാമുകിയും ഒളിച്ചോടിയിരുന്നു. ഇവർ പിന്നീട് ബിക്കിയുടെ വീട്ടിലെത്തി. ഒരേ ഗോത്രത്തിൽ പെട്ടവരാണെങ്കിലും വ്യത്യസ്ത മതത്തിൽ വിശ്വസിക്കുന്നവരായതാണ് ഇരുവർക്കും പ്രതിബന്ധമായത്.
പെൺകുട്ടിയുടെ കുടുംബം പള്ളിക്കാരുമായെത്തി അവളെ ബലമായി പിടിച്ചുകൊണ്ടുപോയി. തിങ്കളാഴ്ച ഒരു ഫോൺകോൾ വന്നതോടെയാണ് ബിക്കു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് ഇയാൾ തിരിച്ചെത്തിയില്ലെന്ന് കുടുംബം പറയുന്നു. ഫോണിൽ വിളിച്ചത് പെൺകുട്ടിയുടെ വീട്ടുകാരാണെന്നും അവർ മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്നുമാണ് ബിക്കിയുടെ കുടുംബം പറയുന്നത്. രണ്ട് പള്ളി അധികൃതരുമായി ചേർന്ന് പെൺകുട്ടിയുടെ കുടുംബം ബിക്കിയെ മതംമാറ്റാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണമുയർന്നിരിക്കുന്നതെന്ന് പൊലീസും സ്ഥിരീകരിക്കുന്നു.
അറസ്റ്റ് ചെയ്ത അഞ്ച് പേരെയും ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ബിക്കിയുടെ മരണം ആൾക്കൂട്ട ആക്രമണമല്ല. ആത്മഹത്യയാണോ കൊന്ന ശേഷം മൃതദേഹം കെട്ടിത്തൂക്കിയതാണോയെന്ന് തുടരന്വേഷണത്തിലേ അറിയാൻ കഴിയൂ. എല്ലാ രീതിയിലും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ബിക്കിയുടെ ഗ്രാമത്തിൽ സംഭവത്തെത്തുടർന്ന് പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തിക്കഴിഞ്ഞു. ബിക്കിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. നിർബന്ധിത മതപരിവർത്തനം എതിർത്തതിന് ഹിന്ദു യുവാവ് കൊല്ലപ്പെട്ടു എന്ന തരത്തിലാണ് ഇവരുടെ പ്രതിഷേധം. “ബിക്കിയുടെ മൂക്കിലും കണ്ണിലും ചെവികളിലും രക്തക്കറ ഉണ്ടായിരുന്നു. ആത്മഹത്യ അല്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ബിക്കുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണ്”. ബിക്കിയുടെഅയൽവാസിയായ അരൂപ് ബരേക് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.