തിരുവനന്തപുരം ∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോരിൽ നിലപാട് വ്യക്തമാക്കി റവന്യുമന്ത്രി കെ.രാജന്‍. ഗവര്‍ണറുമായി പോരടിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. മുഖ്യമന്ത്രി പറഞ്ഞതു സര്‍ക്കാര്‍ നിലപാടാണ്. ഗവര്‍ണര്‍ക്ക് പറയാനുള്ളത് പറയട്ടെ. ഏതു വിഷയത്തിലും എന്തും പറഞ്ഞുപോകാം എന്ന ധാരണ ആര്‍ക്കും ഉണ്ടാകരുത്. ആരും ഭരണഘടനയുടെ അതിരുകള്‍ ലംഘിക്കരുത്. ഗവര്‍ണര്‍ക്കെതിരെ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിലുണ്ടായ പ്രതിഷേധം വധശ്രമമായി തോന്നുന്നില്ലെന്നും രാജന്‍ പറഞ്ഞു.
സർവകലാശാലകളിലെ ബന്ധു നിയമനത്തിൽ ഉൾപ്പെടെ, ഗവർണർ ഉന്നയിച്ച ആക്ഷേപങ്ങൾക്കെതിരെ മുഖ്യമന്ത്രി കഴിഞ്ഞദിവസം ആഞ്ഞടിച്ചിരുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ തീരുമാനിച്ചത് താൻ ഇടപെട്ടിട്ടാണെന്ന മട്ടിലുള്ള ആരോപണം അസംബന്ധമാണെന്നും ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചുവേണം ഗവർണർ വർത്തമാനം പറയാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തും വിളിച്ചു പറയാനുള്ള കേന്ദ്രമായിട്ടാണോ രാജ്ഭവൻ മാറിയിരിക്കുന്നത്? സർവകലാശാലയിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും ബഹുജന സംഘടനയുടെയും പോസ്റ്റർ പതിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് ഗവർണർ ചോദിച്ചു. എന്താണ് ഇദ്ദേഹത്തിനു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നില്ല. അത് അദ്ദേഹംതന്നെ പരിശോധിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ അടുപ്പക്കാർ അതു പരിശോധിപ്പിക്കണം. ബിൽ നിയമസഭ പാസാക്കിയാൽ ഗവർണർ അതു പരിശോധിക്കും. സ്വാഭാവികമായി ഒപ്പിടും. അക്കാര്യത്തിൽ മറ്റ് ആശങ്കകൾ ഉണ്ടാകേണ്ടതില്ല – മുഖ്യമന്ത്രി പറഞ്ഞു.