വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിയ്‌ക്കാനും കൊഴുപ്പ് പുറന്തള്ളാനും വെള്ളം സഹായിക്കുന്നു. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും എന്നും വയർ വീർക്കുന്നത് പോലെയുള്ള ദഹന സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നതിനാൽ പലരും കഴിക്കുമ്പോൾ വെള്ളം കുടിക്കാറില്ല.
ഭക്ഷണത്തിന് ശേഷം അരമണിക്കൂർ കഴിഞ്ഞേ വെള്ളം കുടിക്കാൻ പാടുള്ളൂവെന്ന് പല ആയുർവേദ വിദഗ്ധരും നിർദ്ദേശിക്കുന്നു. ഇതുമൂലം ഭക്ഷണത്തിലെ പോഷകങ്ങൾ വേണ്ട വിധത്തിൽ ആഗിരണം ചെയ്യാനുള്ള കഴിവ് ശരീരത്തിന് ലഭിക്കുന്നു. ഇളംചൂടുവെള്ളം കുടിക്കുന്നതാണ് ദഹനത്തിന് ഏറെ നല്ലതെന്ന് ആയുർവേദം പറയുന്നു.ഭക്ഷണസമയത്ത് വെള്ളം കുടിക്കാൻ പാടില്ല എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്നാണ് പോഷകാഹാര വിദഗ്ധൻ ഭുവൻ റസ്‌തോഗി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹന എൻസൈമുകളെ നേർപ്പിക്കുകയും ദഹനത്തെ ബാധിക്കുകയും ചെയ്യുമെന്ന് പലരും വിശ്വസിക്കുന്നു. നിലവിൽ ഇതിനെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ഭുവൻ പറഞ്ഞു.
വെള്ളം കുടിക്കാതിരിക്കുന്നത് നിർജ്ജലീകരണം, വിട്ടുമാറാത്ത മലബന്ധം, അസിഡിറ്റി, വൃക്കയിലെ കല്ലുകൾ, യുടിഐകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.ഭക്ഷണത്തോടൊപ്പം തണുത്ത പാനീയങ്ങളോ ഗ്യാസ് നിറച്ച പാനീയങ്ങളോ കുടിക്കുന്നത് ഒഴിവാക്കണം. ഇത് ഗ്യാസ്ട്രിക് സ്രവത്തെ അടിച്ചമർത്തുകയും ദഹനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പുതിന ചേർത്ത നാരങ്ങാവെള്ളവും ഇഞ്ചി വെള്ളവും നിങ്ങളുടെ ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന ആരോഗ്യകരമായ പാനീയങ്ങളാണ്. നാരങ്ങ വെള്ളം ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.