ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങിനോടനുബന്ധിച്ച് ഞായറാഴ്ച ചാൾസ് രാജാവിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന റിസപ്ഷനിലേക്ക് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളിനും ക്ഷണമില്ല. ചാൾസ് രാജകുമാരന്റെ ഇളയ മകനായ ഹാരിയും അമേരിക്കൻ മുൻ നടിയായ മേഗൻ മാർക്കിളും 2018ലാണ് വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളുണ്ട്.
വധുവായി എത്തിയകാലത്ത് രാജകുടുംബത്തിൽ നിന്ന് വളരെ മോശം അനുഭവങ്ങൾ നേരിട്ടതായി മേഗൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഗർഭിണിയായ സമയത്ത് കുഞ്ഞിന്റെ നിറത്തെ കുറിച്ചടക്കം കൊട്ടാരത്തിൽ ചർച്ച നടന്നത് തന്നെ വേദനിപ്പിച്ചുവെന്നും അവർ പറഞ്ഞിരുന്നു. പിന്നീട് 2020ൽ രാജപദവികൾ ഉപേക്ഷിച്ച് യു.എസിൽ സ്ഥിരതാമസമാക്കുകയായിരുന്നു ഹാരിയും മേഗനും. രാജ്ഞി മരിച്ചപ്പോൾ മേഗൻ വരില്ല എന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന റിപ്പോർട്ട്. എന്നാൽ അതെല്ലാം നിഷ്ഫലമാക്കി മേഗൻ രാജ്ഞിയെ കാണാൻ വീണ്ടും ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് വന്നു.രാജ്ഞിക്ക് അന്ത്യാജ്ഞലിയർപ്പിക്കുന്ന ചടങ്ങിൽ സൈനിക യൂനിഫോം ധരിക്കാൻ കഴിയില്ലെന്ന് ഹാരിയോട് പറഞ്ഞതായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവസാനം ചാൾസ് രാജാവ് ഇടപെട്ടതിനു ശേഷമാണ് ഹാരിക്ക് തന്റെ മൂത്ത സഹോദരൻ വില്യം രാജകുമാരനോടൊപ്പം യൂനിഫോം ധരിക്കാൻ അനുമതി ലഭിച്ചത്.ബക്കിങ്ഹാമിലെ ക്വീൻ റിസോർട്ടിലാണ് റിസപ്ഷൻ. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങി നിരവധി ലോകനേതാക്കൾ പങ്കെടുക്കുന്നുണ്ട്.