ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ രൂക്ഷമായ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. എ.എ.പിയുടെ വർധിച്ചുവരുന്ന ജനപ്രീതിയിൽ അരിശം പൂണ്ടാണ് മോദിസർക്കാർ തന്റെ പാർട്ടിയിലെ മന്ത്രിമാരെയും എം.എൽ.എമാരെയും കള്ളക്കേസിൽ കുടുക്കുന്നതെന്നും കെജ്‍രിവാൾ ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ട എ.എ.പി പ്രതിനിധികളുടെ ആദ്യ ദേശീയ സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയുടെ വർധിച്ചുവരുന്ന സ്വാധീനത്തിൽ ബി.ജെ.പി വലഞ്ഞിരിക്കയാണ്. ഗുജറാത്തിലെ എ.എ.പിക്ക് കവറേജ് നൽകരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകൻ ഹിരേൻ ജോഷി നിരവധി ടെലിവിഷൻ ചാനലുകളുടെ ഉടമകൾകും അവയുടെ എഡിറ്റർമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കെജ്‍രിവാൾ പറഞ്ഞു. കെജ്രിവാളിന്റെ ആരോപണങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസോ ഹിരേൻ ജോഷിയോ പ്രതികരിച്ചിട്ടില്ല.
ഈ എഡിറ്റർമാർ ജോഷിയുടെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചാൽ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഉപദേശകനും പുറത്തിറങ്ങി നടക്കാനാവില്ലെന്നും കെജ്‍രിവാൾ മുന്നറിയിപ്പ് നൽകി. ഗുജറാത്തിൽ എ.എ.പി സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.