കോഴിക്കോട് : കെ എം ഷാജിയുടെ വിവാദ പരാമർശങ്ങൾ ചർച്ചചെയ്യാൻ ഇന്ന് ലീഗ് ഉന്നതാധികാരസമിതി യോഗം. ഷാജിയെ വിളിപ്പിച്ചേക്കും. പിഎംഎ സലാം .പി കെ ഫിറോസ് തുടങ്ങിയവരുടെ പരാമർശങ്ങളും ചർച്ചാവിഷയമാകും.
മുസ്ലീം ലീഗില്‍ കെഎം ഷാജിക്കെതിരെ നീക്കം കടുപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി പക്ഷം നീങ്ങുകയാണ്. ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെ പ്രതിരോധത്തിലാക്കുന്നുവെന്നായിരുന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം. ലീഗില്‍ പുതിയതായി അച്ചടക്ക സമിതി രൂപീകരിക്കാനുള്ള തീരുമാനം സമീപകാലത്തായി പരസ്യ പ്രതികരണം നടത്തുന്ന ചിലരെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.
എല്‍ഡിഎഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെഎം ഷാജിയും കെഎസ് ഹംസയും നടത്തിയത്. അതിന്റെ മറുപടിയാണ് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ കെ.എം ഷാജിക്കെതിരായ നീക്കനമെന്നാണ് വിലയിരുത്തല്‍. കെഎസ് ഹംസയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധം ഷാജി നടത്തുന്ന പ്രസംഗങ്ങള്‍ നേതാക്കളെ പ്രതിരോധത്തിലാക്കുന്നെന്നായിരുന്നു ഇന്ന് ചില നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം. പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നേതാക്കൾക്ക് തിരിച്ചടിയാകുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. വിദേശത്തായതിനാല്‍ ഷാജി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
സംഘടനയില്‍ അഞ്ചംഗ അച്ചടക്കസമിതി കൊണ്ടുവരാൻ തീരുമാനമായിരുന്നു.അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സമീപകാലത്ത് പരസ്യപ്രതികരണം നടത്തുന്നവരുടെ മുനയൊടിക്കുക കൂടിയാണ് ഇത്തരമൊരു സമിതി രൂപീകരിക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ലീഗ് മുന്നണി വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പിഎംഎ സലാം പറഞ്ഞു.