ന്യൂഡൽഹി∙ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്(80) ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽനിന്ന് വിട്ട് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്. ഇന്നു രാവിലെ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ നീക്കങ്ങളുടെ ഭാഗമാണ് അമരീന്ദറുടെ ലയനവും.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതോടെ കോൺഗ്രസ് വിട്ട അമരീന്ദർ, പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. ഈ പാർട്ടിയും ബിജെപിയിൽ ലയിച്ചു. പാർട്ടി ആസ്ഥാനത്ത് അമരീന്ദറും വലിയൊരു സംഘം നേതാക്കളും പ്രവർത്തകരും കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിൽനിന്ന് അംഗത്വം സ്വീകരിച്ചു. അമരീന്ദറിനൊപ്പമുള്ള മുൻ സ്പീക്കർ അജയ്സിങ് ഭട്ടി അടക്കം എംഎൽഎമാരും 2 എംപിമാരും ബിജെപിയിൽ ചേർന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടിക്കൊപ്പം ബിജെപിയുടെ സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും ഒരു മണ്ഡലം പോലും നേടാൻ അമരീന്ദറിന് കഴിഞ്ഞിരുന്നില്ല. സ്വന്തം മണ്ഡലമായ പട്യാല അർബൻ പോലും ജയിക്കാൻ അമരീന്ദറിനു സാധിച്ചില്ല.നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കുശേഷം ലണ്ടനിൽനിന്ന് അടുത്തിടെയാണ് അമരീന്ദർ ഇന്ത്യയിൽ തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം കണ്ടിരുന്നു.