കൊച്ചി∙ മഴ വന്നാല്‍ കുട എന്നു കേട്ടിട്ടുണ്ട്, മഴ വന്നാൽ കുഴി വരും എന്നു പറയുന്നത് ആദ്യമായാണ് കേൾക്കുന്നത് എന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റോഡിലെ കുഴി വിഷയത്തിൽ വിളിച്ചു വരുത്തിയ എൻജിനീയർമാർ ‘മഴ വരുമ്പോഴാണ് റോഡിൽ കുഴിയുണ്ടാകുന്നത്’ എന്നു പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പരിഹാസം. കുഴികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ ഹൈക്കോടതിയിൽ പിഡബ്ല്യുഡി ഓഫിസ് തുറക്കേണ്ടി വരും. സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
കിഫ്ബിയുടെ നിർദേശം ഉണ്ടായിരുന്നതിനാലാണ് ആലുവ- പെരുമ്പാവൂർ റോഡിൽ അറ്റകുറ്റപ്പണി നടത്താതിരുന്നതെന്ന് എൻജിനീയർമാർ കോടതിയെ അറിയിച്ചു. എട്ടു കിലോമീറ്ററോളം അറ്റകുറ്റപ്പണി നടത്തിയെന്നും വ്യക്തമാക്കി. അതേസമയം കുഴിയടയ്ക്കാത്തത് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കുള്ള മരണ വാറന്റല്ലാതെ മറ്റെന്താണ് എന്നു കോടതി ചോദിച്ചു. സംസ്ഥാനത്ത് ആയിരക്കണക്കിന് അപകടങ്ങൾ കുഴികളിൽ വീണ് സംഭവിക്കുന്നു. കേരളത്തിൽ ഒന്നും മാറുന്നില്ല. എന്നിട്ടാണു പുതിയ കേരളത്തെക്കുറിച്ചു സംസാരിക്കുന്നത്. മനുഷ്യജീവനു വില നൽകുന്നുണ്ടെങ്കിൽ കുഴികൾ അടക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എത്ര ദിവസം കൂടുമ്പോഴാണ് റോഡിൽ പരിശോധന നടത്താറുള്ളത് എന്നു ചോദിച്ച ഹൈക്കോടതി എൻജിനീയർമാർ അവരുടെ ജോലി ചെയ്യുന്നുണ്ടോ എന്നും ആരാഞ്ഞു. റോഡുകളിലെ സ്ഥിതി ദയനീയമാണ്. റോഡ് മോശമാകുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോയെന്നും ചോദിച്ചു. ആലുവ – പെരുമ്പാവൂർ റോഡിലെ അറ്റകുറ്റപ്പണി പത്തു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പു നൽകി.