ദില്ലി : യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായി. ലക്നൗ സർവകലാശാല മുന്‍ വിസിയും സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ, ലക്നൗ സ്വദേശിയായ റിയാസുദ്ദീന്‍ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഓരോ ലക്ഷം രൂപയും രണ്ടു യുപി സ്വദേശികളുടെ ആൾ ജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ.
സ്വന്തം കാറാണ് രൂപ് രേഖ വർമ ജാമ്യമായി നല്‍കിയത്. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാല്‍ നടപടികൾ വൈകുകയാണെന്നറിഞ്ഞാണ് രൂപ് രേഖ വർമ തയ്യാറായത്. വൈകുന്നേരത്തോടെ ഇരുവരും ജയിലിലെത്തി ഒപ്പിട്ടു. പരിശോധന പൂർത്തിയാകുന്നതോടെ യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടും. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷ ലക്നൗ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ജാമ്യപേക്ഷയെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തു. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഹാജരാകുമെന്നാണ് സൂചന.