ദില്ലി: സ്വകാര്യവൽക്കരണത്തിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ 150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് ചെയ്തതായി എയർ ഇന്ത്യ. ജനുവരി 27-ന് ടാറ്റയുടെ കൈകളിലേക്ക് തിരിച്ചെത്തിയ എയർ ഇന്ത്യ അന്നുമുതൽ, മുടങ്ങിയ യാത്രകളുടെ റീഫണ്ടുകൾ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു ഇതുവരെ.
റീഫണ്ടുകൾ നൽകിയത് മുൻഗണനാ ക്രമത്തിൽ ആണെന്നും 2,50,000 കേസുകളിൽ റീഫണ്ട് അനുവദിച്ച് നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. ശേഷിക്കുന്നവ ഉടനെ തന്നെ തീർപ്പാക്കും.
എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ സമർപ്പിക്കുന്ന റീഫണ്ട് അഭ്യർത്ഥനയ്ക്ക് രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട് എന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു. എന്നാൽ എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായ ചില കാര്യങ്ങളാൽ ചിലപ്പോൾ പേയ്‌മെന്റുകൾ വൈകുന്നതായി വന്നേക്കാം. ഉദാഹരണത്തിന് ബാങ്കുകളുടെയോ ക്രെഡിറ്റ് കാർഡ് കമ്പനികളുടെയോ താമസം വൈകിയ ഇടപെടലുകൾ റീഫണ്ട് വൈകിപ്പിച്ചേക്കും.
എയർ ഇന്ത്യയുടെ ഓൺ-ടൈം പെർഫോമൻസ് (ഒടിപി) മെച്ചപ്പെടുത്തുമെന്നും ഫ്ലൈറ്റ് കാലതാമസവും അവയുടെ കാരണങ്ങളും കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടുമെന്നും എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ പ്രഖ്യാപിച്ചിരുന്നു. കൂടാതെ എയർ ഇന്ത്യയുടെ ഫ്ലൈറ്റുകൾ പുതുക്കി ഷെഡ്യൂൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഷെഡ്യൂൾ മാറ്റങ്ങളെക്കുറിച്ചോ കാലതാമസത്തെക്കുറിച്ചോ മുൻകൂറായി വിമാനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും യാത്രക്കാർക്ക് കാലതാമസമില്ലാതെ യാത്രകൾ മാറ്റാനുള്ള സൗകര്യം ഉറപ്പ് വരുത്തുമെന്നും വിൽസൺ അറിയിച്ചു.
നിലവിൽ എയർ ഇന്ത്യയ്ക്ക് 113 വിമാനങ്ങൾ സ്വന്തമായുണ്ട്. അതിൽ 87 വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 54 വീതി കുറഞ്ഞ ബോഡി വിമാനങ്ങളും 33 വൈഡ് ബോഡി വിമാനങ്ങളും ഉൾപ്പെടുന്നു. 21 എയർബസ് നിയോസ്, 4 എയർബസ് എ321നിയോസ്, 5 ബോയിംഗ് ബി777-200എൽആർ എന്നിവ പാട്ടത്തിന് നൽകാനും എയർലൈൻ കരാർ നൽകിയിട്ടുണ്ട് . ഈ വിമാനങ്ങൾ 2022 അവസാനം മുതൽ എയർലൈനിന്റെ ഭാഗമാകുന്നതോടു കൂടി എയർലൈനിന്റെ വലുപ്പം 25% വർദ്ധിപ്പിക്കുകയും ചെയ്യും.