തിരുവനന്തപുരം: കേന്ദ്രവിജ്ഞാപനപ്രകാരമുള്ള പോപ്പുലര്‍ ഫ്രണ്ട് നിരോധനം നടപ്പിലാക്കാൻ സംസ്ഥാന പൊലീസിന്‍റെ നടപടികൾ തുടരുന്നു. പോപ്പുലര്‍ ഫണ്ടിൻ്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകൾ സീൽ ചെയ്യുന്നത് തുടരുകയാണ്. നിരോധിത സംഘടനകളുടെ അക്കൗണ്ടുകൾ എല്ലാം മരവിപ്പിക്കും. നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പോപ്പുലര്‍ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങൾക്ക് സാന്പത്തിക സഹായം നൽകുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പ്രവര്‍ത്തകരെ നിരീക്ഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇടുക്കി തൂക്കുപാലത്തുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസിൽ പൊലീസ് പരിശോധന നടത്തി. റവന്യു ഉദ്യോഗസ്‌ഥരും സംഘത്തിൽ ഉണ്ടായിരുന്നു. ഓഫിസ് സീൽ ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു പരിശോധന. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്നു യഹിയ കോയ തങ്ങളുടെ പേരിലുള്ളതാണ് സ്‌ഥലം. 17 സെൻ്റ് സ്‌ഥലം 2016-ലാണ് വാങ്ങിയത്. 35 ചതുരശ്ര മീറ്റർ വീടിനുള്ള പെർമിറ്റിൽ ആണ് ഓഫിസ് കെട്ടിടവും ഓഡിറ്ററിയവും പണിതിരിക്കുന്നത്. പരിശോധന സംബന്ധിച്ച റിപ്പോർട്ട് സംഘം ജില്ല പോലിസ് മേധാവിക്ക് കൈമാറും എൻഐഎ ഉദ്യോഗസ്‌ഥരും ഓഫിസ് പരിശോധിക്കാൻ എത്തിയേക്കും.
അതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ടിന്‍റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേനന്ദ്ര അറിയിച്ചു.നിരോധനത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ പോപുലർ ഫ്രണ്ടിന് എതിരെ നടപടികൾ തുടങ്ങി. കേരളത്തിനും മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും പുറമെ ഉത്തരാഖണ്ഡിലും പിഎഫ്ഐ നിരോധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും പരിശോധനകളും അറസ്റ്റും തുടരുകയാണ്.