ഹൈദരാബാദ് : രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർ എസ് എസ് മേധാവിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിംകൾ ആണെന്നും മുസ്ലീങ്ങളുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞുവെന്നും ഹൈദരാബാദ് എം പി ഒവൈസി പറഞ്ഞു. “വിഷമിക്കേണ്ട, മുസ്ലീം ജനസംഖ്യ കൂടുന്നില്ല, മറിച്ച് കുറയുകയാണ്. ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് ആരാണ് ? ഞങ്ങളാണ്. മോഹൻ ഭഗവത് ഇതിനെക്കുറിച്ച് സംസാരിക്കില്ല,” അസദുദ്ദീൻ ഒവൈസി ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
‘ജനസംഖ്യാ അസന്തുലിതാവസ്ഥ’ എന്ന വിഷയം ഉയർത്തിക്കൊണ്ട്, എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും ഒരുപോലെ ബാധകമായ സമഗ്രമായ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന ആവശ്യം മോഹൻ ഭാഗവത് ഉന്നയിച്ചിരുന്നു. മതാടിസ്ഥാനമാക്കിയുള്ള “ജനസംഖ്യ അസന്തുലിതാവസ്ഥ” ഒരു പ്രധാന വിഷയമാണെന്നും അവഗണിക്കരുതെന്നും ബുധനാഴ്ച ഭാഗവത് പറഞ്ഞിരുന്നു.
ഇതിന് മറുപടി നൽകുകയായിരുന്നു ഒവൈസി. “ഖുർആൻ വായിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു ഭഗവത് സാഹബ്, ഒരു ഭ്രൂണത്തെ കൊല്ലുന്നത് വളരെ വലിയ പാപമാണെന്ന് അല്ലാഹു നമ്മോട് പറയുന്നു. രണ്ട് ഗർഭധാരണങ്ങൾക്കിടയിലുള്ള സമയക്രമം നിയന്ത്രിക്കുന്നത് മുസ്ലിംകളാണ്. കോണ്ടം കൂടുതലും ഉപയോഗിക്കുന്നതും അവരാണ്.” ഖുർആൻ പരാമർശിച്ചുകൊണ്ട് ഒവൈസി പറഞ്ഞു,
“ദേശീയ കുടുംബാരോഗ്യ സർവേയുടെ രേഖകൾ പ്രകാരം മുസ്ലീങ്ങളുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 2 ശതമാനമായി കുറഞ്ഞു. നിങ്ങൾ ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്.” “കുടുംബാസൂത്രണം സംബന്ധിച്ച് നിർബന്ധം ചെലുത്താൻ കഴിയില്ലെന്നും തങ്ങൾക്ക് അത് ആവശ്യമില്ലെന്നും 2020ൽ മോദി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ ജനസംഖ്യ വർദ്ധിക്കുകയാണെന്നാണ് മോഹൻ ഭാഗവത് പറയുന്നത്” അദ്ദേഹം പറഞ്ഞു.
“നിങ്ങൾ തൊഴിൽ നൽകുന്നില്ല, ശമ്പളം കൂട്ടുന്നില്ല, 2061 വരെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയും ഭക്ഷണത്തിനും മരുന്നിനുമായി മക്കളെ ആശ്രയിക്കും. ആരാണ് അവർക്ക് ഭക്ഷണം നൽകുക? ബിജെപിയും ആർഎസ്എസും അവർക്ക് ഭക്ഷണം നൽകില്ലെന്ന് തീരുമാനിക്കുന്നു. പക്ഷേ മുസ്ലീങ്ങളെ ആക്രമിക്കും” – ബിജെപിയെ കടന്നാക്രമിച്ച് ഒവൈസി പറഞ്ഞു.