ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എഐസിസി നേതൃത്വത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് ശശി തരൂര്‍. ഗാന്ധി കുടുംബത്തിനും തെരഞ്ഞെടുപ്പ് സമിതിക്കുമപ്പുറം ചിലര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. അതേസമയം, പിസിസികള്‍ക്കെതിരായ ശശി തരൂരിന്‍റെ പരാതി തെരഞ്ഞെടുപ്പ് സമിതി ഉടന്‍ പരിഗണിക്കില്ല.
എല്ലായിടത്തും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് ഊഷ്മള സ്വീകരണമാണ്. ഖാര്‍ഗെക്ക് വേണ്ടി വോട്ട് തേടാന്‍ പ്രധാന നേതാക്കളെല്ലാം രംഗത്തെത്തി. മറുവശത്ത് ആള്‍ബലമില്ലാതെ ശശി തരൂരുമുണ്ട്. പിന്തുണച്ചവര്‍ പോലും ഭയന്നിട്ടെന്നവണ്ണം മാറി നില്‍ക്കുന്നു. പോരാത്തതിന് അപൂര്‍ണ്ണമായ വോട്ടര്‍ പട്ടികയും. തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാന്‍ എഐസിസിസി തലപ്പത്ത് നിന്ന് ഉന്നത തല ഇടപെടലുണ്ടായെന്നാണ് തരൂര്‍ കരുതുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് ഗാന്ധി കുടുംബവും, തെരഞ്ഞെടുപ്പ് സമിതിയും ആവര്‍ത്തിക്കുന്നു. എങ്കില്‍ പിന്നെ ഖാര്‍ഗെക്ക് പിന്നില്‍ മുഴുവന്‍ സംവിധാനവും അണിനിരക്കുന്നതെന്തിനെന്ന ചോദ്യമാണ് തരൂര്‍ ഉന്നയിക്കുന്നത്.
ഉന്നതങ്ങളില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് വോട്ടര്‍മാര്‍ തന്നോട് പറഞ്ഞതായി ചില ഇംഗ്ലീഷ് മാധ്യമങ്ങളോട് ശശി തരൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരാണെന്ന കാര്യം ശശി തരൂര്‍ വ്യക്തമാക്കിയിട്ടില്ല. ഈ സമ്മര്‍ദ്ദമുള്ളപ്പോള്‍ പ്രചാരണ രംഗത്ത് തുടര്‍ന്നങ്ങോട്ടും തണുപ്പന്‍ പ്രതികരണമേ കിട്ടുകയുള്ളൂവെന്നാണ് ശശി തരൂര്‍ ക്യാമ്പിന്‍റെ വിലയിരുത്തല്‍. പരസ്യ പിന്തുണ അറിയിച്ച പിസിസികള്‍ക്കെതിരായ ശശി തരൂരിന്‍റെ പരാതിയില്‍ തുടര്‍ നടപടി തല്‍ക്കാലെ വേണ്ടെന്ന് തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചതും ഈ പശ്ചാത്തലത്തിലാണ്. അതേസമയം മുലായം സിംഗിനോടുള്ള ആദര സൂചകമായി ഉത്തര്‍പ്രദേശിലെ ഇന്നത്തെ പ്രചാരണം ശശി തരൂര്‍ റദ്ദാക്കി. കൊല്‍ക്കത്തയിലും അസമിലുമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രചാരണം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളെ അസമിലേക്ക് വിളിപ്പിച്ചാണ് ഖര്‍ഗെ വോട്ട് തേടുന്നത്. തരൂരിന്‍റെ പ്രചാരണം സജീവമായതോടെ ഖാര്‍ഗെയും പ്രചാരണത്തിന്‍റെ വേഗം കൂട്ടിയിരിക്കുകയാണ്.