ലഖ്നോ: സമാജ് വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന്‍റെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മുലായം സിങിന്‍റെ മരണവാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. അദ്ദേഹത്തിന്‍റെ മരണത്തോടെ പോരാട്ടിത്തിന്‍റെ ഒരു യുഗമാണ് അവസാനിച്ചത്. സോഷ്യലിസത്തിന്‍റെ നെടുംതൂണായിരുന്നു അദ്ദേഹമെന്നും യോഗി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, മാല്ലികാർജുൻ ഖാർഗെ, ജയ്റാം രമേശ് തുടങ്ങിയവരും നിര്യാണത്തിൽ അനുശോചനമറിയിച്ചിട്ടുണ്ട്.
ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മുലായം സിങ് യാദവ് മരണത്തിന് കീഴടങ്ങിയത്. മൂന്നുതവണ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. 1996ൽ ദേവേഗൗഡ, ഗുജ്റാൾ സർക്കാരുകളിൽ കേന്ദ്ര പ്രതിരോധമന്ത്രി ആയി. നിലവിൽ മെയിൻപുരി മണ്ഡലത്തിൽനിന്നുള്ള എം.പിയാണ്.