തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ അച്ഛനും മകളും സഞ്ചരിച്ച ബൈക്കിൽ ആംബുലൻസ് ഇടിച്ച സംഭവത്തിൽ നാലുവയസ്സുകാരി മകളും മരിച്ചു. ശനിയാഴ്ച ഉണ്ടായ അപകടത്തിൽ അച്ഛൻ ഷിബു മരിച്ചിരുന്നു. ഡ്രൈവർക്കുപകരം മെയിൽ നഴ്സ് ആയിരുന്നു ആംബുലൻസ് ഓടിച്ചത്. മെയിൽ നഴ്സ് അമലിനെയും ഡ്രൈവറിനെയും അന്നുതന്നെ പിടികൂടിയിരുന്നു.
ശനി പുലർച്ചെ 6.20നാണ് വെഞ്ഞാറമുട്ടിൽ അച്ഛനും മകളും സഞ്ചരിച്ച ബൈക്കിൽ ആംബുലൻസ് ഇടിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബു മരിക്കുകയും മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമായിരുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ രോഗിയെ എത്തിച്ചു മടങ്ങും വഴിയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നു പൊലീസ് അപ്പോൾ തന്നെ കണ്ടെത്തിയിരുന്നു.
പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണു ഡ്രൈവറല്ല വാഹനമോടിച്ചതെന്നു കണ്ടെത്തിയത്. മെഡിക്കൽ കോളജ് എംപ്ലോയിസ് സൊസൈറ്റിയുടെ പേരിലുള്ള വാഹനമോടിച്ചത് മെയിൽ നഴ്സായിരുന്നു. ഉറക്കക്ഷീണം കാരണം വാഹനം അമലിനെ ഏൽപ്പിക്കുകയായിരുന്നെന്നാണു ഡ്രൈവർ പൊലീസിനു മൊഴി നൽകിയത്.